തമിഴ്‌നാട്ടിൽ നവംബർ 11 വരെ റെഡ് അലേർട്ട്; മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച വരെ മഴ പെയ്യുമെന്നാണ് കലാവസ്ഥ വകുപ്പിന്റെ പ്രവചനം.
തമിഴ്‌നാട്ടിൽ അടുത്ത മൂന്ന് ദിവസവും റെഡ് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കലാവസ്ഥ നിരീക്ഷണ വകുപ്പ്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് റിപ്പോർട്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച വരെ മഴ പെയ്യുമെന്നാണ് കലാവസ്ഥ വകുപ്പിന്റെ പ്രവചനം. നവംബർ 11-ഓടെ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം,മഴക്കെടുതിയിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിലായി മരിച്ചവരുടെ എണ്ണം ഇതിനോടകം അഞ്ചായി. 358 വീടുകൾ ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് റവന്യൂ വകുപ്പ് മന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രൻ പറഞ്ഞു. കനത്ത മഴയെത്തുടർന്ന് ചെന്നൈ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങൾ സന്ദർശിച്ചു.
Tamil Nadu CM MK Stalin visits & reviews the situation in rain-affected & water-logged areas; distributes food in various parts of the city
— ANI (@ANI) November 9, 2021
Visuals from various parts of Chennai pic.twitter.com/BC0TE80nlW
അതിനിടെ, മഴക്കാലത്തെ വെള്ളപ്പൊക്കം തടയാൻ മതിയായ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ട ചെന്നൈ കോർപ്പറേഷനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചുവെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 2015ലെ വെള്ളപ്പൊക്കത്തിന് ശേഷം എന്ത് നടപടി സ്വീകരിച്ചുവെന്ന് കോർപ്പറേഷനോട് ആരാഞ്ഞ ഹൈക്കോടതി, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ സ്വമേധയാ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി.