'മൻമോഹൻ സിങ്ങിന്റെ ഇഫ്താർ പാർട്ടിയിൽ ചീഫ് ജസ്റ്റിസ് പങ്കെടുത്തില്ലേ?'; മോദിക്ക് പ്രതിരോധവുമായി ബിജെപി, വിമർശനവുമായി പ്രതിപക്ഷം

ചീഫ് ജസ്റ്റിസ് ജഡ്ജിമാർക്കുള്ള പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും, സ്വകാര്യമായ മതചടങ്ങിൽ പങ്കെടുക്കാൻ മോദി ചീഫ് ജസ്റ്റിസിന്റെ വസതിയിൽ പോയത് അനുചിതമായെന്നുമായിരുന്നു പ്രശാന്ത് ഭൂഷണിന്റെ വിമർശനം

Update: 2024-09-12 17:09 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വസതിയിലെത്തിയത് രാജ്യത്ത് പുതിയ രാഷ്ട്രീയ വിവാദത്തിനു തുടക്കം കുറിച്ചിരിക്കുകയാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്ര സ്വഭാവത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഉയർത്തുന്നതെന്നാണ് പ്രതിപക്ഷ നേതാക്കളും പ്രമുഖ അഭിഭാഷകരും ചൂണ്ടിക്കാട്ടിയത്. എന്നാൽ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് നടത്തിയ ഇഫ്താർ പാർട്ടി ഉയർത്തി മോദിയുടെ നടപടിയെ പ്രതിരോധിക്കുകയാണ് ബിജെപി. വിമർശനങ്ങളെ വർഗീയമായി അടച്ചാക്ഷേപിക്കുകയാണ് ബിജെപി നേതാക്കൾ.

ബുധനാഴ്ച വൈകീട്ടാണ് ന്യൂഡൽഹിയിലെ ചീഫ് ജസ്റ്റിസിന്റെ വസതിയിൽ പ്രധാനമന്ത്രി എത്തിയത്. ജസ്റ്റിസ് ചന്ദ്രചൂഡും ഭാര്യ കൽപന ദാസും ചേർന്നാണ് മോദിയെ വീട്ടിലേക്കു സ്വീകരിച്ചത്. ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് നടത്തിയ ഗണപതി പൂജയിൽ പങ്കെടുത്താണു പ്രധാനമന്ത്രി മടങ്ങിയത്.

മുൻ അഡിഷനൽ സോളിസിറ്റർ ജനറലും മുതിർന്ന അഭിഭാഷകയുമായ ഇന്ദിര ജെയ്‌സിങ് ആണ് ആദ്യമായി വിമർശനവുമായി രംഗത്തെത്തിയത്. നീതിന്യായ വ്യവസ്ഥയും ഭരണനിർവഹണ വിഭാഗവും തമ്മിലുള്ള അധികാര വിഭജനത്തിലാണ് ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച ചെയ്തിരിക്കുന്നതെന്നായിരുന്നു ജെയ്‌സിങ്ങിന്റെ വിമർശനം. ചീഫ് ജസ്റ്റിസിന്റെ സ്വതന്ത്ര നിലപാടിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടെന്നു കടന്നുപഞ്ഞ അവർ നടപടിയെ സുപ്രിംകോടതി ബാർ അസോസിയേഷൻ അപലപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ചീഫ് ജസ്റ്റിസ് ജഡ്ജിമാർക്കുള്ള പെരുമാറ്റച്ചട്ടം ലംഘിച്ചെന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ വിമർശനം. സ്വകാര്യമായൊരു മതകീയ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി മോദി ചീഫ് ജസ്റ്റിസിന്റെ വസതിയിൽ പോയത് അനുചിതമായി. ഭരണഘടന അനുശാസിക്കുന്ന മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ സുപ്രിംകോടതിക്കു ബാധ്യതയുള്ളപ്പോൾ ഇത്തരമൊരു ചടങ്ങ് പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പരസ്യമായി പ്രദർശിപ്പിച്ചതും തെറ്റായെന്നം പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ സംരക്ഷകൻ ഇത്തരത്തിൽ രാഷ്ട്രീയക്കാരെ കാണുന്നത് ജനങ്ങളുടെ മനസിൽ സംശയമുണ്ടാക്കുമെന്നായിരുന്നു ഉദ്ദവ് താക്കറെ ശിവസേന എംപി സഞ്ജയ് റാവത്ത് പ്രതികരിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വിഭാഗത്തെ ഔദ്യോഗിക ശിവസേനയായി അംഗീകരിച്ച സ്പീക്കറുടെ നടപടിക്കെതിരെ സുപ്രിംകോടതിയിൽ നിലനിൽക്കുന്ന കേസും അദ്ദേഹം സൂചിപ്പിച്ചു. എതിർകക്ഷികളായ പാർട്ടിക്കാരുമായി ബന്ധമുണ്ടെന്നു വ്യക്തമായതിനാൽ ഈ കേസിൽനിന്ന് ചീഫ് ജസ്റ്റിസ് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട റാവത്ത്, ഇത്തരം ഘട്ടങ്ങളിൽ അദ്ദേഹത്തിന് നീതി നൽകാനാകില്ലെന്ന് ആരോപിക്കുകയും ചെയ്തു.

എന്നാൽ, 2009ൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് സംഘടിപ്പിച്ച ഇഫ്താർ പാർട്ടിയിൽ അന്നത്തെ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ പങ്കെടുത്തതിനെ ഉയർത്തിക്കാട്ടി മോദിക്ക് പരിചയൊരുക്കുകയാണ് ബിജെപി. കോൺഗ്രസിനും കമ്യൂണിസ്റ്റുകൾക്കും ഹിന്ദു ആഘോഷങ്ങളിൽ മാത്രമല്ല, ഗണേശ ചതുർഥിയെ ആഘോഷിക്കുന്ന മഹാരാഷ്ട്രയോടും പ്രശ്‌നമുണ്ടെന്നായിരുന്നു ബിജെപി ദേശീയ നിർവാഹക സമിതി അംഗവും ഐടി സെൽ ഇൻചാർജുമായ അമിത് മാളവ്യ വിമർശിച്ചത്. മൻമോഹൻ സിങ് ഇഫ്താർ പാർട്ടി നടത്തുകയും അതിൽ അന്നത്തെ ചീഫ് ജസ്റ്റിസ് പങ്കെടുത്തതും കോൺഗ്രസിനും കമ്യൂണിസ്റ്റുകൾക്കും മതേതരത്വത്തിന്റെ ഉദാത്തമായ മാതൃകയായിരുന്നു. എന്നാൽ, ഇപ്പോൾ മോദി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വസതിയിലെ ഗണപതി പൂജയിൽ പങ്കെടുത്തത് പിടിച്ചില്ല. പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും തമ്മിലുള്ള ഊഷ്മളമായ ബന്ധം മാത്രമല്ല ഗണേശ ചതുർത്ഥിയും ഇക്കൂട്ടർക്ക് പ്രശ്‌നമാണെന്നും മാളവ്യ ആരോപിച്ചു.

എന്നാൽ, മാധ്യമങ്ങൾക്കു മുന്നിൽ സുതാര്യമായി നടന്ന ഇഫ്താർ പോലെയുള്ള ഒരു പൊതുപരിപാടിയും ഒരാളുടെ വസതിയിൽ സ്വകാര്യമായി നടന്ന മതചടങ്ങും തമ്മിലുള്ള മൗലികമായ വ്യത്യാസം ഇക്കൂട്ടർക്കു മനസിലാകുന്നില്ലെന്നായിരുന്നു ബിജെപിയുടെ പ്രതിരോധത്തെ കുറിച്ച് കോൺഗ്രസ് മുംബൈ ഘടകം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. രണ്ടു ചിത്രങ്ങളും ചേർത്തുവച്ചുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

അധികാര വിഭജനവുമായി ബന്ധപ്പെട്ട സുതാര്യതയും ഔചിത്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തിരിച്ചറിയാൻ ഇവർക്കാകുന്നില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

Summary: 'When CJI attended Manmohan's Iftar party': BJP defends PM Narendra Modi's visit to the residence of the CJI DY Chandrachud for Ganpati puja, while the Opposition intensifies attack 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News