'ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി'; ആദിത്യ താക്കറെക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുശാന്ത് സിംഗിന്റെ മാനേജരുടെ കുടുംബം
2020 ജൂണ്‍ എട്ടിന് മലാഡിന് സമീപം ഒരു കെട്ടിടത്തിന്റെ 14-ാം നിലയില്‍നിന്ന് വീണാണ് ദിശാ സാലിയന്‍ മരിച്ചത്


മുംബൈ: ബോളിവുഡ്താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മാനേജരായിരുന്ന ദിശാ സാലിയന്റെ മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി പിതാവ്. ശിവസേനാ നേതാവും മുന്‍മന്ത്രിയുമായ ആദിത്യ താക്കറെക്ക് എതിരെയാണ് ആരോപണങ്ങൾ. ദിശാ സാലിയന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് സതീഷ് സാലിയന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ദിശയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയെന്നും പ്രതികളെ സംരക്ഷിക്കാന്‍ അന്വേഷണം അട്ടിമറിച്ചുവെന്നും പിതാവ് ഹരജിയില്‍ ആരോപിക്കുന്നു.
2020 ജൂണ്‍ എട്ടിന് മലാഡിന് സമീപം ഒരു കെട്ടിടത്തിന്റെ 14-ാം നിലയില്‍നിന്ന് വീണാണ് ദിശാ സാലിയന്‍ മരിച്ചത്. ഈ സംഭവത്തിന് ഒരാഴ്ചക്ക് ശേഷമാണ് സുശാന്ത് സിങ് രാജ്പുത്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിഷയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു പൊലീസ് പറഞ്ഞത്. അന്വേഷണത്തിന് തൃപ്തനാണെന്നും മറ്റ് സംശയങ്ങൾ ഇല്ലെന്നും ദിശയുടെ പിതാവ് പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് മകൾ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് പിതാവ് ആരോപണം ഉന്നയിച്ചത്.
ജൂൺ എട്ടിന് ദിഷ വീട്ടിൽ ഒരു പാർട്ടി നടത്തിയിരുന്നു. പാർട്ടിയിൽ ആദിത്യ താക്കറെയും നടന്മാരായ സൂരജ് പഞ്ചോളിയും ദിനോ മോറിയയും പങ്കെടുത്തു. പാർട്ടിക്കിടയിലാണ് മകൾ ക്രൂരമായി ബലാത്സംഗത്തിന് ഇരയായത്. ഇതിന് സാക്ഷികൾ ഉണ്ടെന്നും സതീഷിന്റെ ഹരജിയില്‍ പറയുന്നു. 14ാം നിലയിൽ നിന്ന് വീണിട്ടും ദിഷയുടെ ശരീരത്തിൽ പൊട്ടലുകളില്ലായിരുന്നു. മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് രക്തക്കറ ഇല്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങൾ കാണിച്ച് ജനുവരിയിൽ പരാതി നൽകിയെങ്കിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തില്ല.മരണം ആത്മഹത്യയാക്കി തീർക്കാൻ തെളിവുകൾ ഇല്ലാതാക്കിയെന്നും സതീഷ് സാലിയന്‍ ആരോപിക്കുന്നു.
എന്നാൽ ആരോപണങ്ങൾ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണെന്ന് ആദിത്യ താക്കറെ പ്രതികരിച്ചു. വിഷയം നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.