സോണിയാ ഗാന്ധിയുടെ വീട് കത്തിക്കണമെന്ന പ്രസംഗം; അസം മുഖ്യമന്ത്രിക്കെതിരെ പരാതി

അസം നിയമസഭയിലെ പ്രതിപക്ഷ നേതാവും കോൺ​ഗ്രസ് നേതാവുമായ ദേബബ്രത സൈകിയയാണ് പരാതി നൽകിയത്.

Update: 2023-09-21 15:51 GMT
സോണിയാ ഗാന്ധിയുടെ വീട് കത്തിക്കണമെന്ന പ്രസംഗം; അസം മുഖ്യമന്ത്രിക്കെതിരെ പരാതി
AddThis Website Tools
Advertising

​ഗുവാഹത്തി: കോൺ​ഗ്രസ് മുൻ അധ്യക്ഷയും എം.പിയുമായ സോണിയാ ​ഗാന്ധിക്കെതിരായ വിദ്വേഷ പ്രസം​ഗത്തിൽ അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമാന്ത ബിശ്വ ശർമയ്ക്കെതിരെ പൊലീസിൽ പരാതി. സോണിയാ ​ഗാന്ധിയുടെ വസതി കത്തിക്കണമെന്നായിരുന്നു ഹിമാന്ത ബിശ്വയുടെ പ്രസം​ഗം.

മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ സെപ്തംബർ 18ന് നടന്ന റാലിയിലായിരുന്നു ശർമയുടെ വിദ്വേഷ പരാമർശം. ഇതിനെതിരെ അസം നിയമസഭയിലെ പ്രതിപക്ഷ നേതാവും കോൺ​ഗ്രസ് നേതാവുമായ ദേബബ്രത സൈകിയയാണ് പരാതി നൽകിയത്.

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ കമൽനാഥിന്റെ ഹിന്ദുസ്വത്വത്തെ പരിഹസിക്കുന്നതിനിടെ, സോണിയാ​ഗാന്ധിയുടെ ഔദ്യോ​ഗിക വസതിയായ 10- ജൻപഥ് കത്തിച്ചുകളയണമെന്ന് ശർമ നിർദേശിച്ചതായി സൈകിയയുടെ പരാതിയിൽ പറയുന്നു.

"നിയമവാഴ്ച നിലനിൽക്കുന്ന ഒരു രാജ്യത്ത് ശർമ തെരഞ്ഞെടുപ്പ് വാചാടോപത്തെ അതിന്റെ ഏറ്റവും വൃത്തികെട്ട രൂപത്തിലേക്ക് കൊണ്ടുപോയെന്നും അക്രമത്തിനും തീവെപ്പിനും പ്രേരണ നൽകിയെന്നും സൈകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.

പ്രസ്താവന നടത്തിയത് മധ്യപ്രദേശിലാണെങ്കിലും ഇത് അച്ചടി, ഇലക്ട്രോണിക്, സോഷ്യൽ മീഡിയകളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ടെന്നും അസമിലും കാണാനും കേൾക്കാനുമാവുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

സോണിയാഗാന്ധി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിധവയാണ്. 77 വയസുള്ള ഒരു സ്ത്രീയുടെ വസതി അഗ്നിക്കിരയാക്കണമെന്ന് നിർദേശിച്ച് ശർമ പ്രതിപക്ഷനിരയിലെ ഒരു പ്രമുഖ വ്യക്തിയെ ആക്രമിക്കുക മാത്രമല്ല, തീകൊളുത്താൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു- പരാതിയിൽ പറയുന്നു.

ഭരണഘടനാപരമായ അധികാരമുള്ള ഒരു വ്യക്തിയിൽ നിന്ന് വരുന്ന ഇത്തരം അനാവശ്യ പ്രസ്താവനകൾ വഴിതെറ്റിയ ആളുകളെ വീണ്ടും അക്രമത്തിലേക്ക് നയിക്കാനും 10- ജൻപഥിൽ താമസിക്കുന്ന നേതാക്കൾക്ക് ദോഷം വരുത്താനും സാധ്യതയുണ്ടെന്നും സൈകിയ വിശദമാക്കി.

അതിനാൽ, ബിജെപി നേതാവിനെതിരെ ഐപിസി സെക്ഷൻ 153 (പ്രകോപനം ഉണ്ടാക്കൽ), സെക്ഷൻ 115/436 (അക്രമത്തിന് പ്രേരണ) എന്നിവ പ്രകാരം കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News