ഗോപൂജ ചെയ്യുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി; ഇന്ത്യയും പാകിസ്താനുമായും ബന്ധം; ആരാണ് ഋഷി സുനക് ?

ബ്രിട്ടീഷ് ഇന്ത്യയിൽ ജനിച്ച് പിന്നിട് കെനിയയിലേക്കും തുടർന്ന് യു.കെയിലേക്കും കുടിയേറിയവരാണ് സുനകിന്റെ പൂർവികർ.

Update: 2022-10-24 16:41 GMT
Advertising

ഋഷി സുനക് എന്ന ഇന്ത്യൻ‍ വംശജൻ ഏറ്റവുമൊടുവിൽ വാർത്തകളിലിടം നേടുന്നത് ആഗസ്റ്റില്‍ ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനാർഥി ആയതോടെയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുനക് വേറിട്ട നടപടികളിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞു. പ്രചാരണത്തിന്‍റെ ഭാഗമായി ​സുനക് ലണ്ടനില്‍ ഗോപൂജ നടത്തിയത് അന്താരാഷ്ട്രതലത്തില്‍ തന്നെ കൗതുകമുണര്‍ത്തി.

ലണ്ടനിൽ ആ​ഗസ്റ്റ് 24നായിരുന്നു ഭാര്യ അക്ഷത മൂർത്തിക്കൊപ്പം പശു പൂജ ചെയ്ത് ഋഷി സുനക് തന്റെ ഹിന്ദു പാരമ്പര്യം ലോകത്തിനു മുന്നില്‍ വിളിച്ചുപറഞ്ഞത്. പൂജാരിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ചടങ്ങുകള്‍ നിര്‍വഹിക്കുന്ന സുനകിന്‍റെയും അക്ഷതയുടെയും ദൃശ്യങ്ങൾ ലോകമാധ്യമങ്ങളിലടക്കം വാര്‍ത്തയായി. ബ്രിട്ടനിലും ഇന്ത്യയുടെ സംസ്കാരം ഉയർത്തിപ്പിടിക്കുന്ന നേതാവെന്ന് വാഴ്ത്തി അദ്ദേഹത്തെ ഏറ്റെടുത്ത് സംഘ്പരിവാർ പ്രൊഫൈലുകള്‍ സോഷ്യല്‍ മീഡിയയിലും രംഗത്തെത്തി.

ദമ്പതികള്‍ നിറങ്ങളും കൈമുദ്രകളും കൊണ്ട് അലങ്കരിച്ച പശുവിനെ ആരതി ഉഴിയുന്നതുമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് സുനക് ലണ്ടനിലുള്ള ഭക്തിവേദാന്ത മാനര്‍ ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു. ഇതു കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഗോപൂജ. അതോടൊപ്പം ഭഗവദ്ഗീത എങ്ങനെയാണ് ശക്തി പകരുന്നത് എന്നതിനെ കുറിച്ചും സുനക് സംസാരിച്ചിരുന്നു.

എന്നാൽ വോട്ടെണ്ണിയപ്പോൾ ഋഷി സുനക് തോല്‍വിയിലേക്ക് വീണു. ലിസ് ട്രസ് പ്രധാനമന്ത്രിയായി. അധികാരമേറ്റതിനു ശേഷം ബ്രിട്ടനില്‍ നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു പിന്നാലെ ഇവർ രാജിവച്ചതോടെയാണ് ഋഷി സുനക്കിന്റെ ഭാ​ഗ്യവര തെളിഞ്ഞത്. വെറും 45 ദിവസമാണ് ലിസ് പ്രധാനമന്ത്രി കസേരയില്‍ ഇരുന്നത്.

2020 നവംബറില്‍, ധനകാര്യ മന്ത്രിയായിരിക്കെ ദീപാവലി ആഘോഷിച്ചതിന് യു.കെയില്‍ താമസിക്കുന്ന ഇന്ത്യക്കാരില്‍ നിന്ന് സുനക് പ്രശംസ നേടിയിരുന്നു. 11ഡൗണിങ് സ്ട്രീറ്റിലെ ചാന്‍സലറുടെ ഔദ്യോഗിക വസതിയുടെ മുന്‍വശത്തെ പടിയില്‍ വിളക്കുകള്‍ തെളിയിച്ചു കൊണ്ടാണ് സുനക് ദീപാവലി ആഘോഷിച്ചത്.

60,399 വോട്ടുകളായിരുന്നു ഋഷി സുനകിന് ലഭിച്ചത്. പ്രധാനമന്ത്രി ബോറിസ് ജോൺസനും പൊതുസഭാ നേതാവ് പെനി മോർഡന്റിനും 100 എം.പിമാരുടെ പിന്തുണ എന്ന കടമ്പ കടക്കാനാകാത്തതാണ് സുനകിനു തുണയായത്. പെനി മത്സരത്തിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജനാകും ഋഷി സുനക്.

വെള്ളക്കാരനല്ലാത്ത ആദ്യത്തെ പ്രധാനമന്ത്രിയും ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും കൂടിയാകും അദ്ദേഹം. 142 എം.പിമാരാണ് സുനകിനെ പിന്തുണയ്ക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ശതകോടീശ്വരനും ഇൻഫോസിസ് സ്ഥാപകനുമായ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ഋഷി സുനകിന്റെ ഭാര്യ.

ബ്രിട്ടൻ കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് മുൻ ചാൻസിലർ കൂടിയായ ഋഷി സുനക് പ്രധാനമന്ത്രി കസേരയിൽ എത്തുന്നത്. സുനക്കിന്റെ പൂർവികർ മുമ്പ് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാ​ഗവും പിന്നീട് പാകിസ്താന്റെ ഭാ​ഗവുമായ പഞ്ചാബിൽ നിന്നുള്ളവരാണ്. ബ്രിട്ടീഷ് ഇന്ത്യയിൽ ജനിച്ച് പിന്നിട് കെനിയയിലേക്കും പിന്നീട് യു.കെയിലേക്കും കുടിയേറിയവരാണ് സുനകിന്റെ പൂർവികർ.

പാകിസ്താനിലെ ഗുജ്‌റൻവാലയിൽ നിന്നുള്ള പഞ്ചാബി ഖത്രി കുടുംബമാണ് സുനകിന്റേത്. അതിനാല്‍ സുനക് ഇന്തോ-പാക് വംശജന്‍ ആണെന്ന അഭിപ്രായവും പലരും പങ്കുവയ്ക്കുന്നു. നാഷണൽ ഹെൽത്ത് സർവീസ് (എൻ.എച്ച്.എസ്) ജനറൽ പ്രാക്ടീഷണറായ പിതാവിന്റെയും ഫാർമസിസ്റ്റായ അമ്മയുടെയും മകനായി യു.കെയിലെ സൗത്ത്‌ഹാംപ്ടണിൽ 1980 മെയ് 12നാണ് ഋഷി സുനക് ജനിച്ചത്.

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലും സ്റ്റാൻഫോർഡിലും നിന്നാണ് സുനക് ബിരുദം കരസ്ഥമാക്കിയത്. 2009ൽ ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെ വിവാഹം ചെയ്തു. 2015ൽ യോർക്ക്ഷെയറിലെ റിച്ച്മണ്ടിൽ നിന്ന് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കുടുംബങ്ങൾക്ക് മതിയായ ജീവിതച്ചെലവ് നൽകാത്തതിന് വിമർശിക്കപ്പെട്ടയാളും കൂടിയാണ് സുനക്.

2020 ഫെബ്രുവരിയിൽ കാബിനറ്റ് പോസ്റ്റായ എക്‌സ്‌ചിക്കറിന്റെ ചാൻസലറായി നിയമിതനായി. കോവിഡ് മഹാമാരിയുടെ കാലത്ത് ബിസിനസിനും ജീവനക്കാർക്കും അനുവദിച്ച സാമ്പത്തിക പാക്കേജ് ഏറെ പ്രശംസിക്കപ്പെട്ടു. യു.കെയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെടുന്ന ആദ്യ മുൻനിര രാഷ്ട്രീയക്കാരനാണ്. ഭാര്യ അക്ഷതാ മൂർത്തിക്കൊപ്പം ഋഷി സുനകിന് 730 മില്യൺ പൗണ്ടിന്റെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News