ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ കൂടുതൽ ആത്മവിശ്വാസത്തോടെ കോൺഗ്രസ്
ഉത്തർപ്രദേശ്, ബിഹാർ പോലുള്ള സംസ്ഥാനങ്ങളിൽ ഇന്ത്യ മുന്നണിയിലൂടെയും സ്വന്തം നിലയിൽ സീറ്റ് വർധിപ്പിക്കാൻ കഴിയുന്ന സംസ്ഥാനങ്ങളിൽ അങ്ങനെയും മുന്നേറാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.
ഹൈദരാബാദ്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ കൂടുതൽ ആത്മവിശ്വാസത്തോടെ കോൺഗ്രസ്. ഉത്തർപ്രദേശ്, ബിഹാർ പോലുള്ള സംസ്ഥാനങ്ങളിൽ ഇന്ത്യ മുന്നണിയിലൂടെയും സ്വന്തം നിലയിൽ സീറ്റ് വർധിപ്പിക്കാൻ കഴിയുന്ന സംസ്ഥാനങ്ങളിൽ അങ്ങനെയും മുന്നേറാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഹൈദരാബാമിൽ നടന്ന പ്രവർത്തക സമിതിയും വിജയഭേരി സമ്മേളനും കോൺഗ്രസിന് പുതിയ ഊർജമാകും.
ബി.ജെ.പിയുടെ തന്ത്രങ്ങൾക്ക് മുന്നിൽ പകച്ചു നിന്ന കോൺഗ്രസിനെയല്ല ഇപ്പോൾ ദേശീയ തലത്തിൽ കാണുന്നത്. ഭാരത് ജോഡോ യാത്ര രാഹുൽ ഗാന്ധി എന്ന നേതാവിന് മാത്രമല്ല കോൺഗ്രസ് രാഷ്ട്രീയ പാർട്ടിക്കു തന്നെ പുതിയ മുഖം നൽകി. ബി.ജെ.പിയോട് നേരിട്ട് മത്സരിച്ച അധികാരം പിടിച്ചെടുത്ത കർണാടക തെരഞ്ഞെടുപ്പ് കോൺഗ്രസിൻ്റെ ആത്മവിശ്വാസം വർധിപ്പിച്ചു.
അതേ മാതൃകയിൽ തെലങ്കാനയിലും അധികാരം നേടാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഹൈദരാബാദില്‍ നടന്ന പ്രവർത്തക സമിതിയും വിജയഭേരി റാലിയും കോൺഗ്രസിന്‍റെ ആത്മവിശ്വാസം വർധിപ്പിക്കും. രാജസ്ഥാനും ഛത്തീസ്ഗഡും നിലനിർത്താനും നിലനിർത്താനും മധ്യപ്രദേശിത നിലമെച്ചപ്പെടുത്താനും കഴിഞ്ഞാൽ കോൺഗ്രസിന് സ്വന്തം നിലയിൽ തന്നെ സീറ്റ് വർധിപ്പിക്കാനാകും.
ഏറ്റവും കൂടുതൽ സീറ്റുള്ള എന്നാൽ കോൺഗ്രസ് ദുർബലമായ ഉത്തർപ്രദേശും ബിഹാറുമൊക്കെയാണ് ബി.ജെ.പിയുടെ ശക്തി വർധിപ്പിക്കുന്നത്. ബി.ജെ.പി ഇതര പാർട്ടികളുടെകൂടായ്മയായ ഇന്ത്യ മുന്നണി ആ ചിത്രം മാറ്റി.ബി.ജെ.പി തൂത്തുവാരിയ കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍റെ കണക്കെടുത്താൽ പോലും സമാജ് വാദി പാർട്ടിയും ജെ.സി.യുവും ആർ.ജെ.ഡിയും കോൺഗ്രസും ഉൾപ്പെടുന്ന ഇന്ത്യ സഖ്യം ബഹുദൂരം മുന്നിലാണ്.
കേരളം, തമിഴ്നാട്, ആന്ധ്ര തുടങ്ങി ബി.ജെ.പിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങൾ കൂടി പരിഗണിച്ചാൽ 2019 പോലെയാകില്ല 2024ലോക്സഭാ തെരഞ്ഞെടുപ്പെന്ന് ഉറപ്പിച്ച് പറയാൻ കഴിയും. ഈ സാഹചര്യത്തെ നേരിടാൻ മോദിയും കൂട്ടരും എന്ത് മറുതന്ത്രങ്ങൾ മെനയുമെന്നതും ഏറെ ശ്രദ്ധിക്കേണ്ട വസ്തുത തന്നെ.