മോദിയുടെ 'മുസ്‌ലിം ലീഗ്' പരാമര്‍ശം; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
ഏപ്രില്‍ 6 ന് രാജസ്ഥാനിലെ അജ്മീറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു കോണ്‍ഗ്രസ് പ്രകടനപത്രികയെ മുസ്‌ലിം ലീഗിന്റെ പ്രകടനപത്രികയുമായി താരതമ്യം ചെയ്തുള്ള പ്രധാനമന്ത്രിയുടെ പരാമർശം
ഡല്‍ഹി: കോണ്‍ഗ്രസ് പ്രകടനപത്രികയെ മുസ്‌ലിം ലീഗിന്റെ പ്രകടനപത്രികയുമായി താരതമ്യം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കി. ഏപ്രില്‍ 6 ന് രാജസ്ഥാനിലെ അജ്മീറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. കോൺഗ്രസ് പ്രകടനപത്രികയില്‍ മുസ്‌ലിം പ്രീണനമെന്ന മോദിയുടെ ആരോപണത്തിനെതിരെയാണ് പരാതി. കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം സംബന്ധിച്ച് ടി.എം.സിയും ഇലക്ഷൻ കമ്മീഷനെ സമീപിച്ചു. ബി.ജെ.പി സർക്കാർ ജോലികൾ ജനങ്ങൾക്ക് നൽകുന്നില്ല എന്ന രാഹുൽഗാന്ധി ആരോപിച്ചു.
കോണ്‍ഗ്രസ് പ്രകടന പത്രികയെ 'നുണകളുടെ കെട്ടുകള്‍' എന്നും രേഖയുടെ ഓരോ പേജും 'ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമമാണ്' എന്നും പ്രധാനമന്ത്രി പരാമര്‍ശിച്ചിരുന്നു. ഇതാണ് കോണ്‍ഗ്രസിനെ പ്രകോപിതരാക്കിയത്.
'മുസ്‌ലിം ലീഗിന്റെ മുദ്ര പതിപ്പിച്ച ഈ പ്രകടനപത്രികയില്‍ അവശേഷിക്കുന്നതെല്ലാം ഇടതുപക്ഷക്കാര്‍ ഏറ്റെടുത്തു. ഇന്ന് കോണ്‍ഗ്രസിന് തത്വങ്ങളോ നയങ്ങളോ ഇല്ല. കോണ്‍ഗ്രസ് എല്ലാം കരാറില്‍ കൊടുത്തിട്ട് പാര്‍ട്ടിയെ മുഴുവന്‍ ഔട്ട്സോഴ്സ് ചെയ്തതുപോലെ തോന്നുന്നു'. മോദി പറഞ്ഞു.
എന്നാൽ ഇപ്പോൾ വിഷയത്തിൽ മോദിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. 'സ്വാതന്ത്ര്യസമരത്തില്‍ ഇന്ത്യക്കാര്‍ക്കെതിരെ ബ്രിട്ടീഷുകാരെയും മുസ്‌ലിം ലീഗിനെയും പിന്തുണച്ചത് ബി.ജെ.പിയുടെ ആദര്‍ശവാദികളായ പൂര്‍വ്വികരാണെന്ന്' ഖാര്‍ഗെ ആരോപിച്ചു.
മോദി-ഷായും ഇന്ന് കോണ്‍ഗ്രസ് മാനിഫെസ്റ്റോയെ കുറിച്ച് കള്ളം പ്രചരിപ്പിക്കുകയാണ്. മോദിയുടെ പ്രസംഗങ്ങളില്‍ ആര്‍.എസ്.എസിന്റെ ദുര്‍ഗന്ധമുണ്ട്, ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഗ്രാഫ് അനുദിനം താഴുന്നതിനാല്‍ ആര്‍.എസ്.എസ് തങ്ങളുടെ ഉറ്റ സുഹൃത്തായ മുസ്‌ലിം ലീഗിനെ ഓര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. ഗാര്‍ഖെ കൂട്ടിച്ചേര്‍ത്തു
തന്റെ പാര്‍ട്ടിയുടെ പ്രകടനപത്രിക ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പ്രതീക്ഷകളെ പ്രതിഫലിപ്പിക്കുന്നതാണെന്നും ഖാര്‍ഗെ അവകാശപ്പെട്ടു. 'അവരുടെ സംയുക്ത ശക്തി മോദിയുടെ 10 വര്‍ഷത്തെ അനീതിക്ക് അറുതി വരുത്തും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ മണിപ്പൂർ സംഘർഷത്തിൽ സാധ്യമായതെല്ലാം കേന്ദ്രസർക്കാർ ചെയ്തുവെന്ന് അവകാശപ്പെട്ട് നരേന്ദ്ര മോദി രംഗത്ത് വന്നു. പ്രാദേശിക ദിനപത്രമായ 'അസം ട്രിബ്യൂണി'നു നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.