മോദിക്കും അമിത് ഷാക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ്
രണ്ടാം ഘട്ട പോളിങ് നടക്കുന്ന അഹമ്മദാബാദിൽ മോദി വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തിയത് വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി റോഡ് ഷോ നടത്തിയായിരുന്നു.
അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ്. ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ അമിത് ഷാ ഗുജറാത്ത് എം.പിക്കൊപ്പം പ്രചാരണം നടത്തിയെന്നും സംസാരത്തിനിടെ അദ്ദേഹം ബി.ജെ.പി സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചെന്നും പവൻ ഖേര ആരോപിച്ചു.
രണ്ടാം ഘട്ട പോളിങ് നടക്കുന്ന അഹമ്മദാബാദിൽ മോദി വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തിയത് വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി റോഡ് ഷോ നടത്തിയായിരുന്നു. ഇതിനെതിരെ തൃണമൂൽ കോൺഗ്രസും എതിർപ്പുമായി രംഗത്തെത്തി. ''ഒന്നാം ഘട്ട വോട്ടെടുപ്പിന് ശേഷം പ്രധാനമന്ത്രി നടത്തിയ 'വാക്ക് ഷോ' നിരവധി ചാനലുകൾ ലൈവായിറിപ്പോർട്ട് ചെയ്തിരുന്നു. വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പും ശേഷവും പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗുജറാത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണമായും മൗനത്തിലാണ്. ഈ മൗനം തലമുറകൾ പൊറുക്കില്ല''-പവൻ ഖേര പറഞ്ഞു.
ഗുജറാത്തിൽ ഇന്നാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അഹമ്മദാബാദിലെ വ്യത്യസ്ത പോളിങ് ബൂത്തുകളിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഡിസംബർ ഒന്നിനായിരുന്നു ഒന്നാംഘട്ട വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ.