കോൺഗ്രസ് പ്രവർത്തക സമിതി ഹൈദരബാദിൽ ആരംഭിച്ചു; കേന്ദ്രസർക്കാരിനെ വിമർശിച്ച് മല്ലികാർജുൻ ഖാർഗെ

രാജ്യത്തെ പ്രധാന പ്രശ്‌നങ്ങളെ പൊള്ളയായ മുദ്രാവാക്യങ്ങൾ കൊണ്ട് മൂടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ഖാര്ഗെ പറഞ്ഞു

Update: 2023-09-16 13:07 GMT
Advertising

ഹൈദരബാദ്: നിയസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ വിജയിക്കാനുള്ള തന്ത്രങ്ങൾ ആലോചിക്കാൻ ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി ഹൈദരാബാദിൽ ആരംഭിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പതാക ഉയർത്തി. രാജ്യത്തെ പ്രധാന പ്രശ്‌നങ്ങളെ പൊള്ളയായ മുദ്രാവാക്യങ്ങൾ കൊണ്ട് മൂടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ഖാര്ഗെ പറഞ്ഞു.

ഏകദേശം മൂന്ന് മണിയോട് കൂടിയാണ് പ്രവർത്തക സമിതി യോഗം ഹൈദരബാദിലെ താജ് കൃഷ്ണ ഹോട്ടലിൽ ആരംഭിച്ചത്. പുനസംഘടിപ്പിച്ചതിന് ശേഷം ചേരുന്ന ആദ്യ പ്രവർത്തക സമിതിയോഗമാണിത്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, എകെ ആന്റണി, ശശി തരൂർ, രമേശ് ചെന്നിത്തല ഉൾപ്പെടെ പ്രധാനപ്പെട്ട എല്ലാ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

ആമുഖ പ്രസംഗത്തിൽ മല്ലികാർജുൻ ഖാർഗെ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു. എല്ലാ മേഖലയിലും സർക്കാർ പരാജയമാണ്. വർഗീയതയെ തടുക്കുന്ന കാര്യത്തിലും പരാജയമാണ്. മണിപ്പൂരിലെ തീ ഹരിയാനയിലെ നൂഹ് വരെ എത്തിക്കുകയാണ് സർക്കാർ ചെയ്തത്. ചൈനീസ് കടന്നു കയറ്റം കേന്ദ്രസർക്കാറിന്റെ അശ്രദ്ധമൂലമാണ്. രാജ്യത്ത് തൊഴില്ലാഴ്മ രൂക്ഷമാണ്. രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതി അതീവ അപകടാവസ്ഥയിലാണ്. അതുകൊണ്ട് തന്നെ രാജ്യം മോദി സർക്കാരിൽ നിന്ന് രക്ഷ തേടുന്ന സാഹചര്യമാണുള്ളത്.

ഇത് തിരിച്ചറിഞ്ഞു കൊണ്ട് വളരെ ശക്തമായ നയപരിപാടികളിലൂടെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും തുടർന്നുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലേക്കും മുന്നോട്ടു പോകണം. ഇൻഡ്യ മുന്നണി വളരെ പ്രതീക്ഷയിൽ വളർന്നു വരുന്നുവെന്നും ഖാർഗെ പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പ് തന്നെയാണ് പ്രവർത്തന സമിതിയുടെ പ്രധാന അജണ്ട അതുകൊണ്ടു കൂടിയാണ് തെലങ്കാന സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹൈദരബാദിൽ ഈ യോഗം ചേരുന്നത്. ഇത്തവണ തെലങ്കാനയിൽ ഭരണം പിടിച്ചെടുക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. നാളെ നടത്തുന്ന 'വിജയഭേരി' മഹാറാലിയിലൂടെ തെലുങ്കാനയിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. നിലവിൽ രാജസ്ഥാനിലും ചത്തീസ്ഗഡിലും കോൺഗ്രസിന് ഭരണമുണ്ട് അതേസമയം മധ്യപ്രദേശ്, തെലങ്കാന, മിസോറാം സ്ഥലങ്ങളിൽ കൂടി ഇത്തവണ ഭരണം പിടിച്ചെടുക്കാനാണ്് കോൺഗ്രസ് ലക്ഷ്യം വെക്കുന്നത്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News