ഡോക്ടര്‍മാരുടെ അനാസ്ഥമൂലം കാഴ്ച നഷ്ടപ്പെട്ടു; കുഞ്ഞിന് 70 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

പ്രാരംഭ ഘട്ടത്തിൽ ചികിത്സിച്ചാൽ പൂർണ്ണമായും സുഖപ്പെടുത്താവുന്ന അസുഖമായിരുന്നിട്ടും ഡോക്ടര്‍മാര്‍ ഇക്കാര്യം അമ്മയെ അറിയിച്ചില്ല

Update: 2022-10-23 04:29 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: അമ്മയ്ക്ക് കൃത്യമായ വൈദ്യോപദേശം നൽകാത്തതിനെത്തുടർന്ന് റെറ്റിനോപ്പതി ഓഫ് പ്രി മെച്യുരിറ്റി (ആർഒപി) ബാധിച്ച കുട്ടിക്ക് 70 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഗുജറാത്ത് ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഗുജറാത്തിലെ നവ്സാരിയിലെ സർക്കാർ ആശുപത്രിയും ഡോക്ടർമാരും അമ്മയ്ക്കും കുഞ്ഞിനും ഈ തുക നൽകണമെന്നാണ് കോടതി ഉത്തരവ്. സുനിത ചൗധരി എന്ന യുവതി 2014-ലാണ് മാസം തികയാതെ കുഞ്ഞിന് ജന്മം നൽകിയത്.

28-ാമത്തെ ആഴ്ചയിൽ ജനിച്ച കുട്ടി 1,200 ഗ്രാം ഭാരവുമായാണ് ജനിച്ചത്. 42 ദിവസം ഐസിയുവിൽ കഴിയുകയും ചെയ്തു. ഡിസ്ചാർജിന് ശേഷം സുനിത മഹാരാഷ്ട്രയിലെ നന്ദ്രുബറിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് മാറി. കുഞ്ഞിന്റെ കണ്ണുകൾ ഈറനണിയുന്ന പ്രശ്‌നമുണ്ടായിരുന്നു. ഡോക്ടർമാരെ കാണിച്ചപ്പോൾ തുള്ളിമരുന്ന് ഒഴിച്ചാൽ മാറുമെന്നായിരുന്നു നിർദേശം. എന്നാൽ  കണ്ണിന്റെ പ്രശ്നം വഷളായി. മുംബൈയിലെയും ചെന്നൈയിലെയും ഒട്ടനവധി നേത്രരോഗ വിദഗ്ധരെ കാണിച്ചു. അപ്പോഴാണ് കുഞ്ഞിന് റെറ്റിന ഡിറ്റാച്ച്‌മെന്റ് മൂലം കാഴ്ച നഷ്ടപ്പെട്ടതായി അറിയുന്നത്.

മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സാധാരണ അപകടസാധ്യതയുണ്ടെന്നും ജനിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം ആവശ്യമായ ടെസ്റ്റ് നടത്തിയിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലെന്നും പ്രാരംഭ ഘട്ടത്തിൽ ചികിത്സിച്ചാൽപൂർണ്ണമായും സുഖപ്പെടുത്താവുന്ന അസുഖമായിരുന്നെന്നും വിദഗ്ധ ഡോക്ടർമാർ വിലയിരുത്തിയതായി 'ടൈംസ് നൗ' റിപ്പോര്‍ട്ട് ചെയ്തു.

പക്ഷേ സുനിതയുടെ കുഞ്ഞിന്റെ കാര്യത്തിൽ സമയം ഏറെ വൈകിയിരുന്നു. 18 മാസം പ്രായമുള്ളപ്പോൾ കുട്ടിയുടെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടിരുന്നു. ഡ്യൂട്ടി ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനും കുഞ്ഞ് ജനിച്ചപ്പോൾ ആർഒപി സ്‌ക്രീനിംഗിനെക്കുറിച്ച് അറിയിക്കാത്തതിനും 95 ലക്ഷം രൂപ ആവശ്യപ്പെട്ട് സുനിത ആശുപത്രി, മെഡിക്കൽ ഓഫീസർ-ഇൻ-ചാർജ്, നേത്രരോഗവിദഗ്ദ്ധർ എന്നിവർക്കെതിരെ പരാതി നൽകുകയും ചെയ്തു. ഈ കേസിലാണ് കോടതി 70 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.

കുട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്ത് സ്‌ക്രീനിംഗ് ശരിയായ സമയത്ത് നടന്നില്ലെന്ന് കമ്മീഷൻ അധ്യക്ഷനായ അംഗം ജെ ജി മെക്വാൻ ചൂണ്ടിക്കാട്ടി. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞിന്റെ ഭാരം 1,500 ഗ്രാമിൽ കുറവാണെങ്കിൽ ആർഒപി സ്‌ക്രീനിംഗ് നിർദേശിക്കേണ്ടത് ഡോക്ടറുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും കമ്മീഷൻ പരിഗണിക്കുകയും അനുവദിച്ച തുക കുട്ടിയുടെ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായി ചെലവഴിക്കാൻ നിർദേശിക്കുകയും ചെയ്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News