പശുവിനെ ദേശീയ മൃഗമാക്കണം; അലഹബാദ് ഹൈക്കോടതി
മൗലികാവകാശം എന്നത് ബീഫ് ഭക്ഷിക്കുന്നവര്‍ക്ക് മാത്രമുള്ളതല്ലെന്നും പശുവിനെ ആരാധിക്കുന്നവര്‍ക്കും അതിലൂടെ സാമ്പത്തികം കൈവരിക്കുന്നവര്‍ക്കും അര്‍ത്ഥവത്തായ ജീവിതം നയിക്കാന്‍ അവകാശമുണ്ടെന്നും കോടതി
പശുവിനെ ദേശീയ മൃഗമാക്കണമെന്നും പശു സംരക്ഷണം ഹിന്ദുക്കളുടെ മൗലികാവകാശമാക്കണമെന്നും അലഹബാദ് ഹൈക്കോടതി. രാജ്യത്തിന്‍റെ സംസ്കാരത്തിനും വിശ്വാസത്തിനും വേദനിച്ചാല്‍ രാജ്യം ക്ഷയിക്കും. പശുവിനെ കശാപ്പ് ചെയ്തതിന് അറസ്റ്റിലായ ജാവേദ് എന്നയാളുടെ ജാമ്യം റദ്ദാക്കി കൊണ്ടാണ് ജഡ്ജി ശേഖര്‍ യാദവിന്‍റെ നിരീക്ഷണം.
മൗലികാവകാശം എന്നത് ബീഫ് ഭക്ഷിക്കുന്നവര്‍ക്ക് മാത്രമുള്ളതല്ലെന്നും പശുവിനെ ആരാധിക്കുന്നവര്‍ക്കും അതിലൂടെ സാമ്പത്തികം കൈവരിക്കുന്നവര്‍ക്കും അര്‍ത്ഥവത്തായ ജീവിതം നയിക്കാന്‍ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. കൊല്ലാനുള്ള അവകാശത്തിന് മുകളിലാണ് ജീവിക്കാനുള്ള അവകാശം. ബീഫ് കഴിക്കുക എന്നത് മൗലികാവകാശമായി കണക്കാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
പ്രായമായാലും രോഗിയായാലും പശു ഉപകാരമുള്ള മൃഗമാണ്. അതിന്‍റെ ചാണകവും മൂത്രവും കാര്‍ഷികാവശ്യങ്ങള്‍ക്കും മരുന്ന് നിര്‍മാണത്തിനും ഉപകാരമുള്ളതാണ്. ഇതിനെല്ലാം അപ്പുറം പശുവിനെ മാതാവായി ആരാധിക്കുന്നവര്‍ക്ക് പ്രായമായാലും രോഗിയായാലും അതിനെ കൊല്ലാനുള്ള അവകാശം നല്‍കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ഹിന്ദുക്കള്‍ മാത്രമല്ല പശുവിന്‍റെ പ്രാധാന്യം മനസ്സിലാക്കിയിട്ടുള്ളത്. ഇന്ത്യയുടെ സംസ്കാരം മനസ്സിലാക്കിയ അഞ്ചു മുസ്‍ലിം ഭരണാധികാരികളും പശുവിനെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ബാബര്‍, ഹുമയൂണ്‍, അക്ബര്‍ എന്നിവര്‍ മതചടങ്ങുകളില്‍ പശുവിനെ അറുക്കുന്നത് നിരോധിച്ചിട്ടുണ്ട്. മൈസൂരിലെ നവാബ് ഹൈദര്‍ അലി ശിക്ഷ നല്‍കാവുന്ന കുറ്റമായി പശുവിനെ കശാപ്പ് ചെയ്യുന്നതിനെ കണക്കാക്കിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു.
സമയാസമയങ്ങളില്‍ നിരവധി കോടതികളും രാജ്യത്തെ സുപ്രീം കോടതിയും പശുവിന്‍റെ പ്രാധാന്യം മനസ്സിലാക്കി സംരക്ഷണത്തിനും പ്രചാരണത്തിനും രാജ്യത്തെ വിശ്വാസികളായ ആളുകളെ മനസ്സിലാക്കി നിരവധി തീരുമാനങ്ങള്‍ കൈകൊണ്ടിട്ടുണ്ട്. രാജ്യത്തെ പാര്‍ലമെന്‍റും നിയമനിര്‍മാണ സഭകളും പുതിയ നിയമങ്ങള്‍ നിര്‍മിച്ച് പശുക്കളെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പശുവിന്‍റെ സംരക്ഷണത്തെ കുറിച്ചും അഭിവൃദ്ധിയെ കുറിച്ചും സംസാരിക്കുന്നവര്‍ തന്നെ അതിനെ ഭക്ഷിക്കുന്നത് സങ്കടകരമാണെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ പശുവിനെ പാര്‍പ്പിക്കാന്‍ ഷെഡുകള്‍ നിര്‍മിക്കുന്നു പക്ഷേ പശുക്കളെ സംരക്ഷിക്കേണ്ട ജനങ്ങള്‍ അക്കാര്യത്തില്‍ വീഴ്ച്ച വരുത്തുന്നതായും കോടതി പറഞ്ഞു. പശുതൊഴുത്തില്‍ വെച്ചുള്ള പട്ടിണിയും രോഗങ്ങളാലും കാരണം നിരവധി പശുക്കള്‍ ചത്തുപോയ സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. ഭക്ഷണം ലഭിക്കാത്ത അവസരത്തില്‍ പോളിത്തീന്‍ ഭക്ഷിച്ച് രോഗം ബാധിച്ച് പശുക്കള്‍ ചാവുന്നതായും കോടതി വ്യക്തമാക്കി.
കറവ വറ്റിയ പശുക്കള്‍ റോഡുകളിലും തെരുവുകളിലും മോശം അവസ്ഥയില്‍ കാണുന്നു. രോഗികളും വന്ധ്യകരണം നടത്തിയ പശുക്കളും പരിചരണമില്ലാതെ കാണപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പശുക്കളെ സംരക്ഷിക്കേണ്ട ജനങ്ങളൊക്കെ എവിടെയാണ്- കോടതി ചോദിച്ചു.