കോൺഗ്രസ് 592, സിപിഎം 166, സിപിഐ 58, ലീഗ് 41; തമിഴ്‌നാട്ടിൽ സീറ്റു നിലയിങ്ങനെ

കോൺഗ്രസിന് 592 ഉം ഒറ്റയ്ക്ക് മത്സരിച്ച എസ്ഡിപിഐക്ക് 22 ഉം സീറ്റു കിട്ടി

Update: 2022-02-23 07:43 GMT
Editor : abs | By : Web Desk
Advertising

ചെന്നൈ: തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണി നേടിയത് രാഷ്ട്രീയ വിദഗ്ധരെ അമ്പരപ്പിക്കുന്ന വിജയം. സംസ്ഥാനത്തെ 21 കോർപറേഷനുകളിലും മിക്കവാറും എല്ലാ മുനിസിപ്പാലിറ്റികളിലും ടൗൺ പഞ്ചായത്തുകളിലും ഭരണമുന്നണി അധികാരത്തിലെത്തി. മുതിർന്ന നേതാക്കളായ ഒ. പന്നീർശെൽവം, എടപ്പാടി പളനിസ്വാമി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ വലിയ പ്രചാരണത്തിനും എഐഎഡിഎംകെയെ രക്ഷിക്കാനായില്ല. 1996ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് അണ്ണാഡിഎംകെയുടേത്. കേരളത്തിൽ വേരുള്ള സിപിഎം, മുസ്‌ലിംലീഗ്, സിപിഐ കക്ഷികൾക്കും മികച്ച പ്രകടനം നടത്താനായി. യഥാക്രമം 166, 41, 58 സീറ്റുകളാണ് കക്ഷികൾക്ക് ലഭിച്ചത്. ഡിഎംകെ മുന്നണിക്ക് കീഴിലാണ് മൂന്നു കക്ഷികളും മത്സരിച്ചത്. കോൺഗ്രസ് 592 സീറ്റു നേടി. എസ്ഡിപിഐക്ക് 22 സീറ്റില്‍ വിജയിച്ചു. 

ചെറു കക്ഷികളായ പിഎംകെ, നാം തമിലർ കച്ചി, കമൽ ഹാസന്റെ മക്കൾ നീതി മയ്യം, വിജയകാന്തിന്റെ ഡിഎംഡികെ, ടിടിവി ദിനകരന്റെ എഎംഎംകെ തുടങ്ങിയ കക്ഷികൾക്കൊന്നും നേട്ടമുണ്ടാക്കാനായില്ല. ഒമ്പത് മാസം പ്രായമായ ഡിഎംകെ സർക്കാറിന്റെ വിലയിരുത്തൽ കൂടിയായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ്. 200 വാർഡുകളുള്ള ഗ്രേറ്റർ ചെന്നൈ കോർപറേഷൻ കൗൺസിൽ സ്വന്തമാക്കിയത് ഡിഎംകെയ്ക്ക് അതിമധുരമായി. 2011ൽ അണ്ണാഡിഎംകെയാണ് കൗൺസിലിൽ അധികാരത്തിലെത്തിയിരുന്നത്.

കോർപറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ടൗൺ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ആകെ 308 സീറ്റാണ് ബിജെപി വിജയിച്ചത്. ഇതിൽ 200 ഉം കന്യാകുമാരി ജില്ലയിൽ നിന്നാണ്. ദ്രാവിഡ പാർട്ടികളേക്കാൾ ദേശീയ കക്ഷികൾക്ക് സ്വാധീനമുള്ള ജില്ലയാണ് കന്യാകുമാരി.

21 മുനിസിപ്പല്‍ കോർപറേഷനുകളിലെ 1100 വാർഡുകൾ ഡിഎംകെ മുന്നണി സ്വന്തമാക്കി. ഡിഎംകെ 948, കോൺഗ്രസ് 73, സിപിഎം 24, എംഡിഎംകെ 21, വിസികെ 16, സിപിഐ 13, മുസ്‌ലിംലീഗ് ആറ് എന്നിങ്ങനെയാണ് മുന്നണിയിലെ വിവിധ കക്ഷികളുടെ സീറ്റുനില. എഐഎഡിഎംകെ ക്യാംപിന് 164 സീറ്റേ ജയിക്കാനായുള്ളൂ. മുനിസിപ്പാലിറ്റികളിൽ ഡിഎംകെ മുന്നണി 2658 സീറ്റുകളിൽ വിജയിച്ചു. വിവിധ കക്ഷികളുടെ സീറ്റുനില ഇപ്രകാരം. ഡിഎംകെ 2360, കോൺഗ്രസ് 151, സിപിഎം 41, എംഡിഎംകെ 34, വിസികെ 26, മുസ്‌ലിംലീഗ് 23, സിപിഐ 19, എംഎംകെ നാല്. എഐഎഡിഎംകെയ്ക്ക് 638 സീറ്റിലേ വിജയിക്കാനായുള്ളൂ. 

ടൗൺ പഞ്ചായത്തുകളിൽ ഡിഎംകെ മുന്നണി 4993 സീറ്റിൽ വിജയിച്ചു. ഡിഎംകെ 4388, കോൺഗ്രസ് 368, സിപിഎം 101, വിസികെ 51, എംഡിഎംകെ 34, സിപിഐ 26, മുസ്‌ലിംലീഗ് 12, എംഎംകെ 13 എന്നിങ്ങനെയാണ് കക്ഷി നില. 1206 സീറ്റുകളിൽ പ്രതിപക്ഷമായ എഐഎഡിഎംകെ വിജയിച്ചു.

തനിച്ചു മത്സരിച്ച പിഎംകെ അഞ്ചു കോർപറേഷൻ വാർഡുകളിലും 48 മുനിസിപ്പൽ സീറ്റുകളിലും 73 ടൗൺ പഞ്ചായത്ത് വാർഡുകളിലും വിജയിച്ചു. ഒരത്തനാട് ടൗൺ പഞ്ചായത്തിൽ എഎംഎംകെ ഭൂരിപക്ഷം നേടി. മൂന്നു കോർപറേഷൻ സീറ്റിലും 33 മുനിസിപ്പൽ സീറ്റിലും 66 ടൗൺ പഞ്ചായത്ത് സീറ്റിലും അവർ വിജയിച്ചു.

ഒരു കോർപറേഷൻ സീറ്റിലും ഡിഎംഡികെയ്ക്ക് വിജയിക്കാനായില്ല. എന്നാൽ 12 മുനിസപ്പൽ സീറ്റിലും 23 ടൗൺ പഞ്ചായത്ത് സീറ്റിലും ജയം കണ്ടു. കോയമ്പത്തൂർ മുനിസപ്പൽ കോർപറേഷനിലെ ഒരു സീറ്റിൽ വിജയിച്ച എസ്ഡിപിഐ അഞ്ചു മുനിസിപ്പൽ വാർഡുകളും 16 ടൗൺ പഞ്ചായത്ത് വാർഡുകളും വിജയിച്ചു. കോർപറേഷനുകളിൽ 73 സ്വതന്ത്രരും വിജയിച്ചു.

21 മുനിസിപ്പൽ കോർപറേഷനുകളും 138 മുനിസിപ്പാലിറ്റികളും 490 ടൗൺ പഞ്ചായത്തുകളും ഉൾപ്പെടെ 649 തദ്ദേശ ഭരണസ്ഥാപനങ്ങളേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 12,607 സീറ്റുകളിൽ 57778 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. 

* കണക്കുകള്‍ ദേശീയ മാധ്യമമായ ദ ഹിന്ദു റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News