അരി മോഷ്ടിച്ചുവെന്നാരോപിച്ച് ദലിത് മധ്യവയസ്കനെ അടിച്ചുകൊന്നു
സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്
റായ്പൂർ: ഛത്തീസ്ഗഡിലെ റായ്ഗഡിൽ അരി മോഷ്ടിച്ചുവെന്നാരോപിച്ച് ദലിത് മധ്യവയസ്കനെ അടിച്ചുകൊന്നു. ദുമാർപള്ളി ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അക്രമം ഉണ്ടായത്. 50 വയസുകാരനായ പഞ്ച്റാം സാർത്തി എന്ന ബുട്ടുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വീരേന്ദ്ര സിദാർ, അജയ് പ്രധാൻ, അശോക് പ്രധാൻ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. അറസ്റ്റിലായ മൂന്ന് പേർക്കെതിരെ ബിഎൻഎസ് സെക്ഷൻ 103 (1) പ്രകാരം കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ആൾക്കൂട്ട കൊലപാതകത്തിനുള്ള വകുപ്പ് കൂടി ചുമത്തണമെന്ന് ആവശ്യം ഉയർന്നിരുന്നുവെങ്കിലും, ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്) പ്രകാരം ഇത് സാധ്യമല്ലെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടക്കുകയാണ്.
വീരേന്ദ്ര സിദാറിന്റെ വീട്ടിൽ നിന്ന് ബുട്ടു ഒരു ചാക്ക് അരി മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. അർധരാത്രി ശബ്ദം കേട്ട് എഴുന്നേറ്റ സിദാർ അരി മോഷ്ടിക്കാൻ ശ്രമിക്കുന്ന ബുട്ടുവിനെ കാണുകയായിരുന്നു. പ്രകോപിതനായ സിദാർ അയൽവാസികളായ അജയ്, അശോക് എന്നിവരെ വിളിച്ചു. തുടർന്ന് മൂന്ന് പേരും ചേർന്ന് ബുട്ടുവിനെ മരത്തിൽ കെട്ടിയിടുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു.
രാവിലെയാണ് മർദനം സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്. രാവിലെ 6 മണിയോടെ സ്ഥലത്തെത്തിയ പൊലീസ് സംഘം സാർത്തിയെ അബോധാവസ്ഥയിൽ മരത്തിൽ കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. സാർത്തിയെ മുളവടികൾ കൊണ്ട് മർദ്ദിക്കുകയും ചവിട്ടുകയും ഇടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.