'ഞാൻ കല്യാണം കഴിച്ച് സുഖമായി ജീവിക്കുകയാണ്'; മുഖ്യമന്ത്രിക്ക് ആറുമാസം മുമ്പ് 'മരിച്ചയാളുടെ' കത്ത്
സോനുകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നായിരുന്നു കുടുംബാംഗങ്ങള്‍ നല്‍കിയ പരാതി
പട്ന: ആറുമാസം മുമ്പ് പൊലീസ് മരിച്ചതായി പ്രഖ്യാപിച്ച 30 കാരൻ ജീവനോടെയുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തെഴുതി. ബിഹാറിലാണ് അപൂർവ സംഭവം നടന്നത്. താൻ ഭാര്യയോടൊപ്പം ഉത്തർപ്രദേശിൽ ജീവിച്ചിരിപ്പുണ്ടെന്ന് അവകാശപ്പെട്ട് സോനു കുമാർ ശ്രീവാസ്തവയാണെന്ന് എന്നയാളാണ് മുഖ്യമന്ത്രി നിതീഷ് കുമാറിനും ഡിജിപിക്കും ഡിയോറിയ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയ്ക്കുമാണ് കത്തെഴുതിയത്.
ബിഹാറിലെ ഡിയോറിയ എന്ന ഗ്രാമത്തിൽ നിന്ന് ഏകദേശം ആറുമാസം മുമ്പാണ് സാനു കുമാർ ശ്രീവാസ്തവയെ കാണാതായത്. പട്നയിൽ സാധനങ്ങൾ വാങ്ങാൻ പോയ സോനുകുമാർ പിന്നീട് വീട്ടിൽ മടങ്ങിയെത്തിയില്ല എന്നാണ് കുടുംബാംഗങ്ങൾ നൽകിയ പരാതി. 50,000 രൂപയുമായി ബസിലാണ് സോനുകുമാർ കയറി പോയത്.പിന്നീട് ആളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. അവസാനത്തെ ഫോൺ കോൾ ലൊക്കേഷന്റെ അടിസ്ഥാനത്തിൽ പൊലീസ് തെരച്ചിൽ ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഡിയോറിയ മേഖലയിൽ ഒരാളുടെ മൃതദേഹം പൊലീസ് കണ്ടെടുക്കുകയും തിരിച്ചറിയാനായി കുടുംബത്തെ വിളിച്ചുവരുത്തുകയും ചെയ്തു.
സോനു കുമാർ ശ്രീവാത്സവയുടെ പിതാവും കുടുംബാംഗങ്ങളും മൃതദേഹം തിരിച്ചറിഞ്ഞു. തുടർന്ന് സോനുകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് കേസ് രജിസ്റ്റര് ചെയ്തതായും വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, സമീപ ഗ്രാമത്തിലെ പെൺകുട്ടിയുമായി ഒളിച്ചോടി ഗാസിയാബാദിൽ സ്ഥിരതാമസമാക്കിയെന്നാണ് യുവാവ് മുഖ്യമന്ത്രിക്കയച്ച കത്തിൽ പറയുന്നത്. മുഖ്യമന്ത്രിക്കും പൊലീസിനുമുള്ള കത്തിനൊപ്പം തന്റെ വിവാഹത്തിന്റെ തെളിവും സോനു അയച്ചിട്ടുണ്ട്. തന്നെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസ് തെറ്റാണെന്നും കത്തിലുണ്ട്. എന്നാൽ ഈ കത്ത് കുടുംബാംഗങ്ങൾക്ക് കൈമാറിയിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും ഡിയോറിയ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഉദയ് കുമാർ സിംഗ് പറഞ്ഞു.