യുവാവുമായുള്ള ചാറ്റിങ് നിർത്തിയതിന് 16കാരിയെ വെടിവച്ചു; രണ്ടു പേർ അറസ്റ്റിൽ
ആറ് മാസം മുമ്പ് പെൺകുട്ടി ഇയാളുടെ സന്ദേശങ്ങൾക്ക് പ്രതികരിക്കാതായയോടെയാണ് ആക്രമണത്തിനായി പദ്ധതി തയാറാക്കിയത്.
ന്യൂഡൽഹി: യുവാവുമായി സമൂഹമാധ്യമങ്ങളിലൂടെയുള്ള ചാറ്റിങ് അവസാനിപ്പിച്ചതിന് 16കാരിയെ മൂന്നംഗ സംഘം വെടിവച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്. ദക്ഷിണ ഡെൽഹിയിലെ സംഗംവിഹാർ ഏരിയയിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ആക്രമണം ആസൂത്രണം ചെയ്ത യുവാവ് ഒളിവിലാണ്.
ബോബി, പവൻ എന്നിവരാണ് അറസ്റ്റിലായത്. അർമാൻ അലി എന്നയാളാണ് ഇനി പിടിയിലാവാനുള്ളത്. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. അർമാൻ അലിയുമായി സോഷ്യൽ മീഡിയയിലൂടെ ബന്ധം പുലർത്തിയിരുന്ന പെൺകുട്ടി സന്ദേശങ്ങളോട് പ്രതികരിക്കുന്നത് നിർത്തിയതിനെ തുടർന്നാണ് ആക്രമണം നടത്തിയതെന്ന് പ്രതികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.
രണ്ടു വർഷമായി സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടിയും അർമാൻ അലിയും തമ്മിൽ ബന്ധമുണ്ടായിരുന്നു. എന്നാൽ ആറ് മാസം മുമ്പ് പെൺകുട്ടി ഇയാളുടെ സന്ദേശങ്ങൾക്ക് പ്രതികരിക്കാതായയോടെയാണ് ആക്രമണത്തിനായി പദ്ധതി തയാറാക്കിയത്.
വ്യാഴാഴ്ച സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരികയായിരുന്ന പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടിയെ അക്രമികൾ പിറകിൽ നിന്നും വെടിവയ്ക്കുകയായിരുന്നു. തോളിന് വെടിയേറ്റ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ് പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.