ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്; വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി, 4 മരണം

250-ലധികം വിമാനങ്ങൾ വൈകുകയും 40-ഓളം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു

Update: 2025-01-04 05:26 GMT
Editor : സനു ഹദീബ | By : Web Desk
Advertising

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശക്തമായി മൂടൽ മഞ്ഞ്. ഒന്നിലധികം സംസ്ഥാനങ്ങളിൽ കാഴ്ച മറയ്ക്കും വിധം മൂടൽ മഞ്ഞ് ശക്തമായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കേ ഇന്ത്യയിലുടനീളം ഗതാഗത സംവിധാനങ്ങളെ മൂടൽ മഞ്ഞ് ബാധിച്ചു. ഹരിയാനയിലുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു.

പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബീഹാർ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മൂടൽ മഞ്ഞ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നൂറുകണക്കിന് വിമാനങ്ങളും ട്രെയിനുകളും മൂടൽ മഞ്ഞ് കാരണം വയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തു.വിവിധ വിമാനത്താവളങ്ങളിൽ റൺവേ ദൃശ്യപരത ഏറ്റവും താഴ്ന്ന നിലയിൽ ആയതിനാൽ വിമാനങ്ങൾ വഴിതിരിച്ചുവിടുകയും, വിമാനത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തുകയും ചെയ്തു. 250-ലധികം വിമാനങ്ങൾ വൈകുകയും 40-ഓളം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

പുലർച്ചെ 12.15നും 1.30നും ഇടയിൽ ഡൽഹി വിമാനത്താവളത്തിൽ നിന്ന് 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇൻഡിഗോയും എയർ ഇന്ത്യയും ഉൾപ്പെടെയുള്ള എയർലൈനുകൾ യാത്രക്കാർക്ക് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊൽക്കത്തയിൽ 40 വിമാന സർവീസുകൾ വൈകുകയും അഞ്ചെണ്ണം റദ്ദാക്കുകയും ചെയ്തതായി ഫ്ലൈറ്റ് മോണിറ്ററിംഗ് പ്ലാറ്റ്ഫോം ഫ്ലൈറ്റ്റാഡാർ അറിയിച്ചു. ചണ്ഡീഗഡ്, അമൃത്സർ, ആഗ്ര തുടങ്ങി ഉത്തരേന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളിലും സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.

കനത്ത മൂടൽമഞ്ഞ് ട്രെയിൻ യാത്രയെയും റോഡ് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. ഹരിയാനയിലെ ഹിസാറിൽ മൂടൽമഞ്ഞിനെ തുടർന്നുണ്ടായ വാഹനാപകടത്തിലാണ് നാല് പേർ മരിച്ചത്. ഡൽഹി, നോയിഡ, ഗുരുഗ്രാം, ലഖ്‌നൗ, ആഗ്ര, കർണാൽ, ഗാസിയാബാദ്, അമൃത്‌സർ, ജയ്പൂർ തുടങ്ങിയ ഇടങ്ങളിൽ ദൃശ്യപരത വളരെ കുറവാണ് റിപ്പോർട്ട് ചെയ്തത്. 

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News