ഒരുതവണ മാത്രം പെണ്‍കുട്ടിയെ പിന്തുടരുന്നത് 'സ്റ്റോക്കിങ്' ആയി കണക്കാക്കാനാകില്ല; ബോംബെ ഹൈക്കോടതി

ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിലെ ജസ്റ്റിസ് ഗോവിന്ദ് സനാപിന്റേതാണ് വിധി

Update: 2025-01-05 18:30 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

മുംബൈ: ഒരുതവണ മാത്രം പെണ്‍കുട്ടിയെ പിന്തുടരുന്നത് ഐപിസി 354ഡി (സ്‌റ്റോക്കിങ്) പ്രകാരം കുറ്റകൃത്യമാകില്ലെന്ന് ബോംബെ ഹൈക്കോടതി. ആവര്‍ത്തിച്ച് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയാല്‍ മാത്രമേ ഐപിസി 354(ഡി) പ്രകാരമുള്ള കുറ്റകൃത്യമാവുകയുള്ളു എന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി. 14കാരിക്കെതിരായ ലൈംഗികാതിക്രമക്കേസിലായിരുന്നു ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചിലെ ജസ്റ്റിസ് ഗോവിന്ദ് സനാപിന്റെ പരാമർശം.

ഒരു പെണ്‍കുട്ടിയെ ഒരിക്കല്‍ മാത്രം പിന്തുടര്‍ന്ന സംഭവം ഐപിസിയില്‍ നിര്‍വചിക്കുന്ന 'സ്റ്റോക്കിങ്' ആയി കണക്കാക്കാനാകില്ല. ഇത്തരത്തിലുള്ള കുറ്റകൃത്യം സ്ഥാപിക്കാനായി ആവര്‍ത്തിച്ച് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിനോ സ്ഥിരമായി അങ്ങനെ ചെയ്തതിനോ തെളിവുകള്‍ ആവശ്യമാണെന്ന് കോടതി പറഞ്ഞു.

കേസില്‍ ഒന്നാംപ്രതിയായ 19കാരനെയും രണ്ടാംപ്രതിയായ ഇയാളുടെ സുഹൃത്തിനെയും വിവിധ വകുപ്പുകള്‍ പ്രകാരം വിചാരണ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. ഇതിനെതിരേ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 2020ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാംപ്രതിയായ 19കാരന്‍ പെണ്‍കുട്ടിയെ പിന്തുടരുകയും വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിക്കുകയും പെണ്‍കുട്ടിയുടെ അമ്മ ഇക്കാര്യം പ്രതിയുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. പക്ഷേ ഇതിനുശേഷവും പ്രതി ഉപദ്രവം തുടര്‍ന്നു. 2020 ഓഗസ്റ്റ് 26ന് പ്രതി വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു. ഈ സമയം കേസിലെ രണ്ടാംപ്രതിയായ സുഹൃത്ത് പെണ്‍കുട്ടിയുടെ വീടിന് പുറത്ത് നില്‍ക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതികളായ രണ്ടുപേരെയും പോക്‌സോ നിയമത്തിലെയും ഐപിസിയിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് വിചാരണ കോടതി ശിക്ഷിച്ചത്. ഐപിസി 354(ഡി) പ്രകാരമുള്ള കുറ്റകൃത്യം സ്ഥാപിക്കുന്നതിന് പെണ്‍കുട്ടിയെ നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിന് തെളിവുകള്‍ വേണമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News