മഹാരാഷ്ട്ര: ലഡ്കി ബഹിൻ പദ്ധതിയിൽ സർക്കാറിന്റെ 'വെട്ട്'; 20 ലക്ഷം സ്ത്രീകൾ പുറത്താകും, ആയുധമാക്കി പ്രതിപക്ഷം
ആനുകൂല്യം നൽകുമ്പോൾ പരിശോധനയൊന്നും ഉണ്ടാകില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നത്. തട്ടിക്കൂട്ട് പരിപാടിയാണെന്ന് ഞങ്ങൾ ആദ്യമെ പറഞ്ഞതാണെന്നും പ്രതിപക്ഷം
മുംബൈ: മഹാരാഷ്ട്രയിൽ മഹായുതി സർക്കാറിന് അധികാരം നിലനിർത്താൻ സഹായകമായെന്ന് പറയപ്പെടുന്ന ലഡ്കി ബഹിൻ പദ്ധതിയിൽ നിന്ന് 20 ലക്ഷം പേർ പുറത്താകും. 2.63 കോടിയാളുകളാണ് നിലവിൽ പദ്ധതിയുടെ ആനുകൂല്യം പറ്റുന്നത്. ഇതിലാണിപ്പോൾ സർക്കാർ സൂക്ഷ്മ പരിശോധനക്ക് ഇറങ്ങി 20 ലക്ഷം ആളുകളെ വെട്ടുന്നത്. സര്‍ക്കാറിന്റെ തന്നെ മറ്റു പദ്ധതികളുടെ സഹായം സ്വീകരിക്കുന്നവരും ലിസ്റ്റിലുണ്ടെന്നും അവരെയാണ് ഒഴിവാക്കുന്നത് എന്നുമാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.
വമ്പൻ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് മഹായുതി ഭരണം നിലനിർത്തിയപ്പോഴാണ് 20 ലക്ഷത്തോളം പേരെ പദ്ധതിയിൽ നിന്നും ഒഴിവാക്കുന്നത്. അതേസമയം സര്‍ക്കാറിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തി.
കഴിഞ്ഞ ഏക്‌നാഥ് ഷിൻഡെ സര്‍ക്കാരാണ് പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 1,500 രൂപ നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ഈ സഹായം 2100 രൂപയായി വർധിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഷിൻഡെ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. 2.47 കോടി ഗുണഭോക്താക്കളായിരുന്നു ആദ്യം ഉണ്ടായിരുന്നത്. ഇത്രയും പേര്‍ക്ക് പ്രയോജനം ലഭിക്കുമ്പോള്‍ സംസ്ഥാന ഖജനാവിന് 46,000 കോടി രൂപ ചെലവ് വരുമെന്ന് ധനമന്ത്രി അജിത് പവാർ അന്ന് വ്യക്തമാക്കിയിരുന്നു.
ധനവകുപ്പിന് അന്ന് തന്നെ പദ്ധതിയോട് കാര്യമായി വിയോജിപ്പുണ്ടായിരുന്നു. സംസ്ഥാനത്തെ ധനസ്ഥിതിയെ കാര്യമായി ബാധിക്കുമെന്നും സമീപ ഭാവിയിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നതുള്‍പ്പെടെ വെല്ലുവിളിയാകുമെന്നുമൊക്കെ ധനവകപ്പ് ചൂണ്ടിക്കാട്ടിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം സര്‍ക്കാറിന്റെ തന്നെ മറ്റു പദ്ധതികളിലൂടെ പണം സ്വീകരിക്കുന്ന 20 ലക്ഷത്തിലധികം ഗുണഭോക്താക്കൾ ലഡ്കി ബഹിനിലുണ്ടെന്നും അതിനാല്‍ അവരെ ഒഴിവാക്കേണ്ടതുണ്ടെന്നുമാണ് വനിതാ ശിശു വികസന ക്ഷേമ വകുപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ ഏതെങ്കിലും പദ്ധതിക്ക് കീഴിൽ, ഒരു സ്ത്രീക്ക്, ലഡ്കി ബാഹിനിലൂടെ ലഭിക്കുന്നതിനേക്കാൾ കുറവ് തുകയാണെങ്കില്‍ ബാക്കി തുക നല്‍കുമെന്നും ഇനി കൂടുതലാണെങ്കില്‍ അവരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുമെന്നും വനിതാ ശിശു വികസന ക്ഷേമ മന്ത്രി അദിതി തത്കരെ വ്യക്തമാക്കുന്നുണ്ട്.
അതേസമയം കുടുംബ വാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ കൂടുതലുള്ള ഗുണഭോക്താക്കളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ മഹായുതി സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത് എത്തി. തെരഞ്ഞെടുപ്പ് നേട്ടത്തിന് മാത്രമായാണ് പദ്ധതിയെ സര്‍ക്കാര്‍ ഉപയോഗിച്ചതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാന പടോളെ പറഞ്ഞു.
' തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് അതും തിടക്കപ്പെട്ടാണ് പദ്ധതി ആരംഭിച്ചത് തന്നെ. ലഡ്‌കി ബഹിൻ പദ്ധതി എല്ലാ സ്ത്രീകൾക്കുമുള്ളതാണെന്നും ദരിദ്രരും പാവപ്പെട്ടവരുമായ സ്ത്രീകൾക്ക് ആനുകൂല്യം നൽകുമ്പോൾ ഒരു പരിശോധനയും ഉണ്ടാകില്ലെന്നും അന്ന് മുഖ്യമന്ത്രിയായിരുന്ന ഏകനാഥ് ഷിൻഡെ പറഞ്ഞിരുന്നു. എന്നാല്‍ അതെല്ലാം ഇപ്പോള്‍ എവിടെപ്പോയെന്നും'- നാന പടോളെ ചോദിച്ചു.