ട്രബിള്‍ഷൂട്ടറായും പൊളിറ്റിക്കല്‍ കിങ് മേക്കറായും കോണ്‍ഗ്രസിന്‍റെ രക്ഷകന്‍; ദ ജയന്‍റ് കില്ലർ ഡി.കെ
99ലെയും 2004ലെയും രണ്ടു വിജയങ്ങളാണ് ഡി.കെയുടെ രാഷ്ട്രീയ കരിയറിലെ നാഴികക്കല്ലായത്. റൂറൽ ബംഗളൂരുവിലും വൊക്കലിഗ സമുദായത്തിന്‍റെ ഹൃദയത്തിലും ഒരുപോലെ സ്വാധീനവും കരുത്തും പിന്തുണയും നേടി ഡി.കെ ഇരിപ്പുറപ്പിച്ചു തുടങ്ങുകയായിരുന്നു അവിടെ
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നിരവധി തവണ റോഡ് ഷോയും റാലിയും നടത്തി ക്യാംപ് ചെയ്ത് പ്രവര്‍ത്തിച്ചിട്ടും ദേശീയനേതൃത്വം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചിട്ടും കർണാടകയിൽ ബി.ജെ.പി അപ്പാടെ നിലംപൊത്തിയതോടെ ഡി.കെ ശിവകുമാറിന്റെ ഇമേജ് ദേശീയരാഷ്ട്രീയത്തോളം ഉയരുകയാണ്. കോൺഗ്രസ് ഹൈക്കമാൻഡ് വിശ്വസ്തനെപ്പോലെ എപ്പോഴും ആശ്രയിച്ച 'ട്രബിൾഷൂട്ടര്‍', 2024 പൊതുതെരഞ്ഞെടുപ്പിനു വിളിപ്പാടകലെ മോദി-അമിത്ഷാ തേരോട്ടം തടുത്തുനിര്‍ത്തിയ 'ജയന്റ് കില്ലറായി' മാറിയിരിക്കുകയാണിപ്പോള്‍. യൂത്ത് കോൺഗ്രസിന്റെ ചെറിയ ഭാരവാഹിത്വത്തിൽനിന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനിലേക്കുള്ള വളർച്ച പെട്ടെന്നൊരു ദിവസം സംഭവിച്ചതല്ല. താഴേതട്ടിൽനിന്ന് പ്രവർത്തിച്ചും പോരാടിയും പാർട്ടി കെട്ടിപ്പടുത്തും എതിരാളികളോട് മുട്ടിനിന്നുമെല്ലാമാണ് ഡി.കെയുടെ വളർച്ച.
പ്രതിസന്ധിക്കാലത്ത് പാര്‍ട്ടി ഏല്‍പിച്ച ദൌത്യം
1979ൽ അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് കർണാടകയിലെ കരുത്തനായ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന ദേവരാജ് ഉർസ് പാർട്ടി വിടുന്നു. ഒപ്പം യൂത്ത് കോൺഗ്രസ് നേതൃത്വമൊന്നാകെ അദ്ദേഹത്തോടൊപ്പം ചേരുന്നു. അന്ന് പാർട്ടി യുവനിരയെ പിടിച്ചുനിർത്താനും നേതൃനിര ശക്തിപ്പെടുത്താനുമുള്ള ചുമതല ഏൽപിച്ചത് ഡി.കെ ശിവകുമാറെന്ന 20കാരനെയായിരുന്നു.
അർഹതയ്ക്കുള്ള അംഗീകാരമായി 1985ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഡി.കെയ്ക്ക് സീറ്റും നൽകി. രാഷ്ട്രീയക്കളരിയിൽ അനുഭവം കൊണ്ടും ജനപിന്തുണ കൊണ്ടും കരുത്തനായ എച്ച്.ഡി ദേവഗൗഡയെ, അദ്ദേഹത്തിന്റെ തട്ടകമായ സത്താനൂരിൽ നേരിടാനുള്ള ദൗത്യമാണ് പാർട്ടി ഏൽപിച്ചത്. ശക്തമായ പോരാട്ടം കാഴ്ച മത്സരത്തിൽ 15,000 വോട്ടിന് ഡി.കെ പരാജയപ്പെട്ടെങ്കിലും അതൊരു വലിയ കുടുംബപ്പോരിന്റെയും, അതുവഴി ഡി.കെ എന്ന രാഷ്ട്രീയചാണക്യന്റെ വളർച്ചയുടെയും തുടക്കമായിരുന്നു.
പതുക്കെ വൊക്കലിഗ സമുദായത്തിൽനിന്നുള്ള പാർട്ടിയുടെ യുവമുഖമായി ഡി.കെയെ കോൺഗ്രസ് നേതൃത്വം ഉയർത്തിക്കൊണ്ടുവന്നു. വെറ്ററൻ നേതാവായ എസ്.എം കൃഷ്ണയുടെ പകരക്കാരനായായിരുന്നു നേതൃത്വം അദ്ദേഹത്തെ കണ്ടത്. 1999ൽ നടന്ന തെരഞ്ഞെടുപ്പിൽ ദേവഗോഡയുടെ കോട്ടയിൽ മകൻ എച്ച്.ഡി കുമാരസ്വാമിയെ തറപറ്റിച്ച് ഡി.കെ ചരിത്രമെഴുതി. സംസ്ഥാനരാഷ്ട്രീയത്തിലേക്കുള്ള വരവറിയിപ്പുകൂടിയായിരുന്നു അത്. എസ്.എം കൃഷ്ണ മന്ത്രിസഭയിൽ നഗരവികസന മന്ത്രിയായി വലിയ അംഗീകരവും വന്നു.
2004ൽ കനകപുര ലോക്‌സഭാ മണ്ഡലത്തിൽ തേജസ്വിനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കു നേതൃത്വം നൽകിയത് ഡി.കെയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മഹാമേരുവായ ദേവഗൗഡയ്ക്ക് നാണംകെട്ട പരാജയം!
കര്‍ണാടക രാഷ്ട്രീയത്തിലെ കരുത്തനാകുന്നത്
99ലെയും 2004ലെയും ഈ രണ്ടു വിജയങ്ങളാണ് ഡി.കെയുടെ രാഷ്ട്രീയ കരിയറിലെ നാഴികക്കല്ലുകൾ. റൂറൽ ബംഗളൂരുവിലും വൊക്കലിഗ സമുദായത്തിന്‍റെ ഹൃദയത്തിലും ഒരുപോലെ ഡി.കെ സ്വാധീനവും കരുത്തും പിന്തുണയും നേടി ഇരിപ്പുറപ്പിച്ചു തുടങ്ങുകയായിരുന്നു അവിടെ. ഇതോടൊപ്പം ദേവഗൗഡ കുടുംബവുമായി പുതിയൊരു വൈരത്തിനും തുടക്കമായി അതിലൂടെ. ഒന്നര പതിറ്റാണ്ടോളം നീണ്ടുനിന്ന രാഷ്ട്രീയവൈരത്തിന്റെ തുടക്കമായിരുന്നു അത്.
അതേസമയം, 2006-2013 കാലയളവ് ഡി.കെയ്ക്ക് തിരിച്ചടിയുടെ കാലമായിരുന്നു. കോൺഗ്രസിൽനിന്നു വേർപിരിഞ്ഞ ധരംസിങ്ങുമായി ചേർന്ന് ദേവഗൗഡ അധികാരത്തിലേറിയ കാലം. ഡി.കെയോടും എസ്.എം കൃഷ്ണയോടും കണക്കുതീർക്കാനുള്ള അവസരമായാണ് അതിനെ ദേവഗൗഡ ഉപയോഗിച്ചത്. ഡി.കെയുടെയും സഹോദരൻ ഡി.കെ സുരേഷിന്റെയും ഖനി വ്യവസായങ്ങൾക്കെതിരെ സംസ്ഥാന ഭരണകൂടത്തിന്റെ വേട്ടയുണ്ടായി.
2013ൽ സിദ്ദരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയെങ്കിലും ദേവഗൗഡ ചാർത്തിയ അഴിമതിയുടെ കളങ്കം ഡി.കെയ്ക്കു തിരിച്ചടിയായി. സർക്കാരിൽ ശിവകുമാറിനു മന്ത്രിസ്ഥാനം ലഭിച്ചില്ല. ആറു മാസങ്ങൾക്കുശേഷം പാർട്ടിക്കകത്തുനിന്നുള്ള കടുത്ത സമ്മർദത്തിനൊടുവിലാണ് പിന്നീട് അദ്ദേഹം മന്ത്രിയായെത്തുന്നത്.
2017 ആകും ഡി.കെയുടെ രാഷ്ട്രീയ കരിയറിലെ ഏറ്റവും സുപ്രധാനമായൊരു ഘട്ടം. അഹ്മദ് പട്ടേലിന്റെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഗുജറാത്തിലെ എം.എൽ.എമാരെ പാർട്ടിയിൽനിന്ന് അടർത്തിമാറ്റാൻ ബി.ജെ.പി കൊണ്ടുപിടിച്ച നീക്കം നടത്തുന്ന സമയം. കോൺഗ്രസ് ഹൈക്കമാൻഡും സോണിയ ഗാന്ധിയും വിശ്വസിച്ചു വിളിച്ചത് ഡി.കെ ശിവകുമാറിനെയായിരുന്നു. അന്ന് ഡി.കെയാണ് ബംഗളൂരുവിൽ കോൺഗ്രസ് എം.എൽ.എമാർക്ക് 'റിസോർട്ട് സംരക്ഷണം' ഒരുക്കിയത്. അങ്ങനെ ദേശീയരാഷ്ട്രീയത്തിലും ശ്രദ്ധിക്കപ്പെടുന്ന മുഖമായി അദ്ദേഹം മാറി.
2018ലെ തെരഞ്ഞെടുപ്പിൽ എച്ച്.ഡി കുടുംബവുമായുള്ള പോരവസാനിപ്പിച്ച് സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾക്കും ചരടുവലിച്ചത് ഡി.കെ നേരിട്ടായിരുന്നു. അൽപായുസ്സു മാത്രമുള്ള സർക്കാരായിരുന്നെങ്കിലും ബി.ജെ.പിക്ക് കനത്ത ഷോക്ക് ട്രീറ്റ്‌മെന്റായിരുന്നു ശിവകുമാറിന്റെ അപ്രതീക്ഷിതനീക്കം.
Summary: DK Shivakumar Political life story