സൗരവ് ഗാംഗുലിയുടെ ഭാര്യ ഡോണ രാജ്യസഭയിലേക്ക്?
ഈ മാസം ആറിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സൗരവ് ഗാംഗുലിയുടെ വസതിയിൽ വിരുന്നിനെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ച ചെയ്തതായി ബി.ജെ.പി നേതാക്കളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ ഭാര്യ ഡോണാ ഗാംഗുലിയെ രാജ്യസഭയിലെത്തിക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങിയതായി റിപ്പോർട്ട്. ബംഗാളിൽനിന്ന് രാഷ്ട്രപതി നാമനിർദേശം ചെയ്ത നടി രൂപ ഗാംഗുലി, മാധ്യമപ്രവർത്തകൻ സ്വപൻ ദാസ്ഗുപ്ത എന്നിവരുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ റിപ്പോർട്ടുകൾ. രാഷ്ട്രപതിയുടെ നോമിനിയായി ഡോണയെ രാജ്യസഭയിലെത്തിക്കാനാണ് നീക്കം.
ഈ മാസം ആറിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സൗരവ് ഗാംഗുലിയുടെ വസതിയിൽ വിരുന്നിനെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ച ചെയ്തതായി ബി.ജെ.പി നേതാക്കളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വപൻദാസ് ഗുപ്ത, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുഗന്ധ മജുംദാർ, പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി എന്നിവരോടൊപ്പമാണ് അമിത് ഷാ ഗാംഗുലിയുടെ വസതിയിലെത്തിയത്. പ്രശസ്ത ഒഡീസി നർത്തകിയായ ഡോണ ഗാംഗുലി ആറാം തിയ്യതി പ്രശസ്തമായ വിക്ടോറിയ മെമ്മോറിയലിൽ നൃത്തം അവതരിപ്പിച്ചപ്പോൾ കാഴ്ചക്കാരനായും അമിത് ഷാ എത്തിയിരുന്നു.
ഡോണയുടെ രാജ്യസഭാംഗത്വം സംബന്ധിച്ച് പ്രതികരിക്കാൻ ഗാംഗുലിയുടെ കുടുംബം ഇതുവരെ തയ്യാറായിട്ടില്ല. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണങ്ങൾ ഇത്തരമൊരു നീക്കം നടക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു. ''ഇത് പാർട്ടിയുടെ ആഭ്യന്തര വിഷയമാണ്. ഇപ്പോൾ അത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ ആയിട്ടില്ല. പാർട്ടി കേന്ദ്ര നേതൃത്വം വിശദമായ ചർച്ചകൾക്ക് ശേഷം അന്തിമ തീരുമാനം വ്യക്തമാക്കും''-ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുഗന്ധ മജുംദാർ പറഞ്ഞു.
പ്രസിഡന്റിന്റെ നോമിനിയായി ഡോണയെപ്പോലെ ഒരാൾ രാജ്യസഭയിലേക്ക് പോകുകയാണെങ്കിൽ അത് സന്തോഷകരമാണെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു.