'നിരപരാധികളായ ഡോക്ടര്‍മാരെ ഉപദ്രവിക്കരുതേ': കൊലക്കുറ്റ കേസെടുത്തതിന് പിന്നാലെ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു
'എന്‍റെ കുഞ്ഞുങ്ങളെ അനാഥരാക്കരുത്. ആരെയും കൊന്നിട്ടില്ല. എന്‍റെ ആത്മഹത്യ എന്‍റെ നിരപരാധിത്വം തെളിയിക്കും'
ജയ്പൂര്‍: കൊലക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ സ്വകാര്യ ആശുപത്രിയിയിലെ ഗൈനക്കോളജിസ്റ്റ് ആത്മഹത്യ ചെയ്തു. അര്‍ച്ചന ശര്‍മ എന്ന ഡോക്ടറാണ് ആത്മഹത്യ ചെയ്തത്. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം.
"ഞാന്‍ എന്‍റെ കുട്ടികളെ വളരെയധികം സ്‌നേഹിക്കുന്നു. അവരെ അനാഥരാക്കരുത്. ആരെയും കൊന്നിട്ടില്ല. നിരപരാധികളായ ഡോക്ടര്‍മാരെ ഉപദ്രവിക്കരുത്. എന്‍റെ ആത്മഹത്യ എന്‍റെ നിരപരാധിത്വം തെളിയിക്കും"- എന്നാണ് ഡോക്ടറുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.
ഗര്‍ഭിണിയുടെ മരണത്തെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അര്‍ച്ചനയ്ക്കെതിരെ കേസെടുത്തത്. ഞായറാഴ്ച രാത്രിയാണ് 22കാരിയെ പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ഇതിന് കാരണം ഡോക്ടറുടെ അശ്രദ്ധയാണെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം ആശുപത്രിക്ക് മുന്‍പില്‍ പ്രതിഷേധിച്ചു. ഇവര്‍ ഡോക്ടര്‍ക്കെതിരെ നല്‍കിയ പരാതിയെ തുടര്‍ന്ന് കൊലക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.
അര്‍ച്ചനയും ഭര്‍ത്താവും ചേര്‍ന്നാണ് സ്വകാര്യ ആശുപത്രി നടത്തിയിരുന്നത്. കേസെടുത്ത ശേഷം ഡോക്ടര്‍ അര്‍ച്ചന മാനസിക സംഘര്‍ഷത്തിലായി. തന്റെ ഭര്‍ത്താവിനെയും മക്കളെയും ഉപദ്രവിക്കരുതെന്ന് അര്‍ച്ചന ആത്മഹത്യാക്കുറിപ്പില്‍ അധികൃതരോട് അഭ്യര്‍ഥിച്ചു.
പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ഡോക്ടർ അർച്ചനയുടെ ഭർത്താവ് ഡോക്ടർ സുനിൽ ഉപാധ്യായ ആവശ്യപ്പെട്ടു- "പൊലീസിനെതിരെ നടപടിയുണ്ടാകണം. അവർ എങ്ങനെയാണ് അര്‍ച്ചനയ്ക്കെതിരെ സെക്ഷൻ 302 (കൊലപാതകക്കുറ്റം) പ്രകാരം കേസെടുത്തത്? ഡോക്ടർമാരെ ഉപദ്രവിക്കുന്നത് തടയാൻ നിയമം ഉണ്ടാകണം. എന്റെ ഭാര്യ മരിച്ചു. എന്നാൽ മറ്റ് നിരപരാധികളായ ഡോക്ടർമാരുടെ കാര്യമോ?"
ഡോക്ടറുടെ മരണത്തെ തുടര്‍ന്ന് ഐഎംഎ രാജസ്ഥാനില്‍ 24 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചു. ഡോക്ടറുടെ മരണത്തിന് കാരണക്കാരായവര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഡോക്ടറുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഫെഡറേഷന്‍ ഓഫ് റസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ഡോ. അർച്ചന ശർമയുടെ ആത്മഹത്യാ അങ്ങേയറ്റം ദു:ഖകരമായ സംഭവമാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് ട്വീറ്റ് ചെയ്തു- "ഞങ്ങൾ ഡോക്ടർമാരെ ദൈവങ്ങളായി കാണുന്നു. രോഗികളുടെ ജീവൻ രക്ഷിക്കാൻ, ഓരോ ഡോക്ടറും പരമാവധി ശ്രമിക്കുന്നു. പക്ഷേ എന്തെങ്കിലും ദൌര്‍ഭാഗ്യകരമായ സംഭവമുണ്ടായാല്‍ ഡോക്ടർമാരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല".
Summary- The suicide of a woman doctor in Rajasthan after she was accused of murder, has sent shock waves across the state and triggered protests even in national capital Delhi. Doctors have hit the streets, demanding action against the state police, who filed a murder case against Archana Sharma on basis of complaints from the family of a patient, who died in the private hospital she owned.