ജിഎസ്ടി അറസ്റ്റുകൾക്ക് കർശന നിയന്ത്രണവുമായി കേന്ദ്രം

ജിഎസ്ടി, കസ്റ്റംസ് അധികൃതർക്കാണ് റവന്യൂ മന്ത്രാലയത്തിന്‍റെ നിർദേശം

Update: 2022-08-19 03:27 GMT
Advertising

ജിഎസ്‍ടി നിയമ പ്രകാരമുള്ള അറസ്റ്റുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ജിഎസ്ടി, കസ്റ്റംസ് അധികൃതർക്കാണ് റവന്യൂ മന്ത്രാലയത്തിന്‍റെ നിർദേശം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ മാത്രമേ ജിഎസ്ടി നിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്യാവൂ എന്നാണ് നിര്‍ദേശം.

കോർപറേറ്റ് സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതിനും നിയന്ത്രണമുണ്ട്. ആരോപണങ്ങളുടെ പേരിൽ വിളിച്ചുവരുത്തി ഉന്നത കോർപറേറ്റ് ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കരുതെന്നാണ് റവന്യൂ മന്ത്രാലയം നിര്‍ദേശം നല്‍കിയത്.

സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) ജിഎസ്ടി നിയമപ്രകാരമുള്ള അറസ്റ്റുകൾക്കായി വിശദമായ മാർഗനിർദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ട്, അറസ്റ്റിന് മുമ്പ് പാലിക്കേണ്ട വ്യവസ്ഥകൾ, അറസ്റ്റുകൾ നടത്തുന്നതിനുള്ള നടപടി ക്രമങ്ങൾ, അറസ്റ്റിന് ശേഷമുള്ള നടപടി ക്രമങ്ങൾ എന്നിവ ഇതില്‍ ഉൾപ്പെടുന്നു. ആരോപണവിധേയന്‍ നിയമ ലംഘനങ്ങൾക്ക് പിന്നിലെ സൂത്രധാരനാണോ എന്നത് ഉൾപ്പെടെ നിരവധി ഘടകങ്ങൾ പരിഗണിക്കാൻ സിബിഐസി ആവശ്യപ്പെട്ടു. നിയമത്തിന്റെ വ്യത്യസ്‌ത വ്യാഖ്യാനങ്ങളിൽ നിന്ന് ഉയർന്നുവരുന്ന സാങ്കേതിക സ്വഭാവമുള്ള കേസുകളിൽ അറസ്റ്റ് ചെയ്യരുതെന്നും വ്യക്തമാക്കി.

നേരത്തെ ജിസ്ടി കേസുകളില്‍ സുപ്രിംകോടതി നിരീക്ഷിച്ചതിങ്ങനെ- "അറസ്റ്റ് ചെയ്യാനുള്ള അധികാരത്തിന്റെ നിലനിൽപ്പും അത് പ്രയോഗിക്കുന്നതിനുള്ള ന്യായീകരണവും തമ്മിൽ വേർതിരിവ് വേണം. കുറ്റാരോപിതൻ ഒളിവിൽ പോകുകയോ സമൻസ് അനുസരിക്കാതിരിക്കുകയോ ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കരുതുന്നില്ലെങ്കില്‍, അന്വേഷണത്തിലുടനീളം സഹകരിച്ചിട്ടുണ്ടെങ്കിൽ, പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉദ്യോഗസ്ഥന്‍ നിർബന്ധിതനാകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുന്നില്ല".

ഏതെങ്കിലും കമ്പനിയുടെയോ പൊതുമേഖലാ സ്ഥാപനത്തിന്റെയോ സിഎംഡി, എംഡി, സിഇഒ, സിഎഫ്ഒ പോലുള്ള മുതിർന്ന മാനേജ്‌മെന്റ് ഉദ്യോഗസ്ഥർക്ക് പൊതുവെ ആദ്യ ഘട്ടത്തിൽ സമൻസ് അയക്കാൻ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. വരുമാന നഷ്ടത്തിന് കാരണമായ തീരുമാനങ്ങളെടുക്കൽ പ്രക്രിയയിൽ അവരുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷണത്തിൽ വ്യക്തമായ സൂചനകൾ ലഭിക്കുമ്പോൾ അവരെ വിളിപ്പിക്കാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News