യോഗിയുടെ സന്ദർശനത്തിനുമുൻപ് അഴുക്കുചാൽ ത്രിവര്‍ണ പതാക കൊണ്ട് കെട്ടിമറച്ചു

വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനത്തിനായി കഴിഞ്ഞ ദിവസമാണ് യോഗി ആദിത്യനാഥ് അസംഗഢിലെത്തിയത്

Update: 2022-08-06 11:21 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ സന്ദർശനത്തിനു മുന്നോടിയായി അഴുക്കുചാൽ ദേശീയപതാകയുടെ നിറത്തിലുള്ള തുണി കൊണ്ട് കെട്ടിമറച്ചു. അസംഗഢിലാണ് അഴുക്കുചാലുകൾ ത്രിവര്‍ണ നിറത്തിലുള്ള ശീല വലിച്ചുകെട്ടി മറച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് അസംഗഢിൽ വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനത്തിനായി യോഗി ആദിത്യനാഥ് എത്തിയത്. ഇതിനുമുന്നോടിയായാണ് നഗരത്തിലെ പാതയോരങ്ങളിലുള്ള അഴുക്കുചാലുകൾ അധികൃതർ ദേശീയപതാകയുടെ നിറത്തിള്ള തുണി കൊണ്ട് കെട്ടിമറച്ചത്. സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. ദേശീയപതാകയെ അവഹേളിക്കുന്നതാണ് നടപടിയെന്ന് സമാജ്‌വാദി പാർട്ടി, കോൺഗ്രസ്, എ.എ.പി നേതാക്കൾ ആരോപിച്ചു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവ്യാപകമായി ദേശീയപതാക ഉയർത്തി ആഘോഷിക്കാൻ ആഹ്വാനം ചെയ്തിരുന്നു. 'ഹർ ഘർ തിരംഗ' എന്ന പേരിലാണ് മുഴുവൻ വീടുകളിലും പതാക ഉയർത്താൻ നിർദേശം നൽകിയിരിക്കുന്നത്. ഇതിനു പുറമെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റാനും മോദി ആഹ്വാനം ചെയ്തിരുന്നു.

143 കോടി രൂപയുടെ വികസന പദ്ധതി പ്രവൃത്തി ഉദ്ഘാടനമാണ് കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് അസംഗഢിൽ നിർവഹിച്ചത്. അഞ്ചു വർഷം കൊണ്ട് അസംഗഢ് ആകെ മാറിയെന്ന് ചടങ്ങിൽ യോഗി അവകാശപ്പെട്ടു. അഞ്ചു വർഷംമുൻപ് വരെ അസംഗഢുകാരായ യുവാക്കൾ മറ്റു സ്ഥലങ്ങളിൽ പോകുമ്പോൾ സ്വന്തം നാടിന്റെ പേരുപറയാൻ പേടിച്ചിരുന്നു. അസംഗഢിന്റെ പേര് പറഞ്ഞാൽ ഹോട്ടലുകളിൽ മുറി ലഭിക്കില്ലായിരുന്നു. എന്നാൽ, ഇപ്പോൾ ആ സ്ഥിതിയൊക്കെ മാറിയെന്നും യോഗി അവകാശപ്പെട്ടു.

Summary: The drains in Azamgarh, Uttar Pradesh were covered with the tricolor ahead of CM Yogi Adityanath's visit for inauguration of several schemes

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News