പാക് ഏജന്റിന് രഹസ്യവിവരങ്ങൾ കൈമാറി; ശാസ്ത്രജ്ഞൻ അറസ്റ്റിൽ
ശാസ്ത്രജ്ഞൻ ഹണിട്രാപ്പിൽപ്പെട്ടതായാണ് അന്വേഷണ സംഘം കരുതുന്നത്
മുംബൈ: പാക് ഏജന്റിന് രഹസ്യവിവരങ്ങൾ കൈമാറിയ മുതിർന്ന ഡി ആർ ഡി ഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ. പ്രദീപ് കുരുൽക്കറാണ് അറസ്റ്റിലായത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനു കീഴിലെ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ഡയറ്കടർ ആയിരുന്നു കുരുൽക്കർ. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയാണ് കുരുൽക്കറിനെ അറസ്റ്റ് ചെയ്തത്. സഹപ്രവർത്തകന്റെ പരാതിയിലാണ് അറസ്റ്റ്. ഇയാൾ ഹണിട്രാപ്പിൽപ്പെട്ടതായാണ് അന്വേഷണ സംഘം കരുതുന്നത്. ഇയാളുടെ കയ്യിൽ നിന്ന് സുപ്രധാന രേഖകൾ ചോർന്നിട്ടുണ്ടാകുമെന്നും എ.ടി.എസ് ആശങ്കപ്പെടുന്നുണ്ട്.
ബുധനാഴ്ചയാണ് കുരുൽക്കറിനെ എടിഎസ് സംഘം കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം ഇന്ന് പൂനെയിലെ കോടതിയിൽ ഹാജരാക്കി. നിർഭയ് സബ്‌സോണിക് ക്രൂയിസ് മിസൈൽ സിസ്റ്റം, പ്രഹാർ, ക്യുആർഎസ്എഎം, എക്‌സ്ആർഎസ്എം, ഹൈപ്പർബാറിക് ചേംബർ എന്നിവയ്ക്കായുള്ള മിസൈൽ ലോഞ്ചറുകൾ ഉൾപ്പെടെ നിരവധി സൈനിക എഞ്ചിനീയറിംഗ് സിസ്റ്റങ്ങളുടെയും ഉപകരണങ്ങളുടെയും രൂപകൽപ്പനയിലും വികസനത്തിലും പ്രധാന പങ്ക് വഹിച്ചയാളാണ് കുരുൽക്കർ.