മഹാദേവ് വാതുവെപ്പ് കേസ്; ഭൂപേഷ് ബഘേലിനെതിരെ കേസെടുത്ത് ഇ.ഡി

ബഘേല്‍ ഉള്‍പ്പടെ 14 പേര്‍ക്കെതിരെയാണ് ഇ.ഡി കേസെടുത്തത്

Update: 2024-03-17 15:22 GMT
Advertising

റായ്പൂര്‍: ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബഘേലിനെതിരെ കേസെടുത്ത് ഇ.ഡി. മഹാദേവ് വാതുവെപ്പ് കേസിലാണ് ഇ.ഡിയുടെ നടപടി. 6000 കോടി രൂപയുടെ അഴിമതിയില്‍ ബഘേലിന് പങ്കുണ്ടെന്ന് ഇ.ഡി ആരോപിച്ചു. ബഘേല്‍ ഉള്‍പ്പടെ 14 പേര്‍ക്കെതിരെയാണ് ഇ.ഡി കേസെടുത്തത്. ഈ കേസില്‍ ഇതുവരെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒരു വര്‍ഷത്തിലേറെയായി അന്വേഷണം നടക്കുകയാണ് . കേസില്‍ ഛത്തീസ്ഗഢിലെ ഉന്നത രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മഹാദേവ് ബുക്ക് ആപ്പ് പ്രൊമോട്ടര്‍മാരായ ഉപ്പല്‍, ചന്ദ്രകര്‍, സോണി, അഗര്‍വാള്‍ എന്നിവര്‍ ഓണ്‍ലൈന്‍ വാതുവെപ്പിനുള്ള പ്ലാറ്റ്‌ഫോം ഉണ്ടാക്കിയെന്നും വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ടെലിഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വാതുവെപ്പില്‍ ഏര്‍പ്പെട്ടതായും ഇ.ഡി പറഞ്ഞു. ഇതിലൂടെ കിട്ടിയ അനധികൃത സമ്പാദ്യത്തിന്റെ 80 ശതമാനം പ്രതികള്‍ സൂക്ഷിക്കുകയും ബാക്കി പാനല്‍ ഓപ്പറേറ്റര്‍മാര്‍ക്കും ബ്രാഞ്ച് ഓപ്പറേറ്റര്‍മാര്‍ക്കും വിതരണം ചെയ്യുകയും ചെയ്തു.

ഇ.ഡി കേസ് അന്വേഷിക്കുകയും ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 4 ന് ബാഘേലിനും മറ്റുള്ളവര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും മുതിര്‍ന്ന ഇ.ഒ.ഡബ്ല്യു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍, സ്പെഷ്യല്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, സ്വകാര്യ വ്യക്തികള്‍ എന്നിവരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്.

ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ഉണ്ടാക്കല്‍ , 2018 ലെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ എന്നിവ ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News