ഫാ.സ്റ്റാന്‍ സ്വാമിയെ കുടുക്കിയതാണെന്ന ആരോപണം പാര്‍ലമെന്‍റില്‍ ഉന്നയിച്ച് പ്രതിപക്ഷം
രാജ്യസഭയിൽ ബിനോയ് വിശ്വം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി
ഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാൻ സ്വാമിയുടെ ലാപ്ടോപ്പിൽ വ്യാജ തെളിവുകൾ സ്ഥാപിച്ചെന്ന കണ്ടെത്തൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം. എം.പിമാരായ ബിനോയ് വിശ്വവും ആന്‍റോ ആന്‍റണിയും നൽകിയ അടിയന്തിര പ്രമേയത്തിനു അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. അതേസമയം ലാപ്ടോപിലെ രേഖകൾ വ്യാജമാണെന്ന കണ്ടെത്തൽ എൻ.ഐ.എ തള്ളി.
സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബിനോയ് വിശ്വവും ആന്‍റോ ആന്‍റണിയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പെഗാസസ് ഉൾപ്പെടെ ഉയർത്തി ചർച്ച ചെയ്യാനായിരുന്നു പ്രതിപക്ഷ തീരുമാനം. കമ്പ്യൂട്ടറിൽ കൃത്രിമമായി തെളിവുകൾ തിരുകിക്കയറ്റുകയായിരുന്നുവെന്ന് യുഎസ് ഫൊറൻസിക് കമ്പനിയാണ് റിപ്പോർട്ട് നൽകിയത്. എന്നാല്‍ ഈ ആരോപണം എൻ.ഐ.എ നിഷേധിച്ചിരുന്നു.
ഭീമ കൊറെഗാവ് കേസില്‍ സ്റ്റാന്‍ സ്വാമിയെ കുടുക്കിയതാണെന്നാണ് യുഎസ് ഫൊറൻസിക് കമ്പനിയുടെ വാദം. ആഴ്‌സണല്‍ കണ്‍സല്‍ട്ടിങ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കേസില്‍ കുടുക്കാനായി ഫാ. സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പില്‍ ഹാക്കിങിലൂടെ രേഖകള്‍ സ്ഥാപിച്ചുവെന്നാണ് ആരോപണം. ഈ രേഖകള്‍ എന്‍ഐഎ കുറ്റപത്രത്തില്‍ എഴുതിച്ചേര്‍ത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 'മാവോവാദികളുടെ കത്തുകള്‍ എന്ന നിലയില്‍ പ്രചരിപ്പിച്ചവയടക്കം 44 രേഖകളാണ് ലാപ്‌ടോപ്പില്‍ സ്ഥാപിച്ചത്. 2014 മുതല്‍ 2019 ജൂണ്‍ 11 വരെ ഹാക്കിങ് നടന്നു' - അമേരിക്കന്‍ ഫോറന്‍സിക് സ്ഥാപനം ആരോപിക്കുന്നു.
ആരാണ് ഹാക്ക് ചെയ്തത് എന്ന് കണ്ടെത്താതിരിക്കാനും ഹാക്കര്‍മാര്‍ ശ്രമിച്ചിട്ടുണ്ട്. ജൂണ്‍ 12നാണ് പുനെ പോലീസ് സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പ് കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട റോണ വില്‍സിന്റേയും സുരേന്ദ്ര ഗാഡ്ലിങിന്റേയും ലാപ്‌ടോപ്പുകളില്‍ ഹാക്കിങ് നടന്നതായും കണ്ടെത്തിയിരുന്നു. മൂന്ന് പേരുടേയും ലാപ്‌ടോപ്പ് ഹാക്ക് ചെയ്തത് ഒരാളാണെന്നും അമേരിക്കന്‍ സ്ഥാപനത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭീമ കൊറേഗാവ് കേസില്‍ വിചാരണ കാത്തുകഴിയുന്നതിനിടെ 2021 ജൂലൈ 5നാണ് സ്റ്റാന്‍ സ്വാമി മരിക്കുന്നത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം പിന്നീട് ഹൃദയ സ്തംഭനം മൂലം മരിക്കുകയായിരുന്നു.