'അഞ്ച് ദിവസത്തിനകം അറസ്റ്റുണ്ടായില്ലെങ്കിൽ പ്രതിഷേധത്തിന്റെ രൂപം മാറും'; ബ്രിജ്ഭൂഷണെതിരായ സമരം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ

ഗുസ്തി താരങ്ങളുടെ തുടർസമര പരിപാടികൾ ഇന്ന് കർഷക നേതാക്കൾ പ്രഖ്യാപിക്കും

Update: 2023-06-02 01:01 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ തുടർസമര പരിപാടികൾ ഇന്ന് കർഷക നേതാക്കൾ പ്രഖ്യാപിക്കും. കുരുക്ഷേത്രയിൽ വെച്ച് നടക്കുന്ന ഖാപ് മഹാ പഞ്ചായത്തിലാണ് പ്രഖ്യാപനം നടത്തുക. അതേസമയം, ഗുസ്തി താരങ്ങൾക്ക് എതിരെ ബ്രിജ്ഭൂഷൺ വീണ്ടും രംഗത്തെത്തി.

ഗുസ്തി താരങ്ങളുടെ സമരത്തിന് പൂർണ പിന്തുണയാണ് ഇന്നലെ ഖാപ് നേതാക്കൾ മുസാഫർനഗറിൽ വച്ച് നൽകിയത്. ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ വലിയ തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്ന് കർഷകർ അറിയിച്ചിട്ടുണ്ട്. സമരം ശക്തമാക്കാൻ ഡൽഹിയുടെ അതിർത്തികൾ വളയാനും അവശ്യസാധനങ്ങളുമായി വരുന്ന ട്രക്ക് തടയുന്ന കാര്യവും ആലോചിക്കുമെന്നും കർഷക നേതാക്കൾ മുന്നറിയിപ്പ് നൽകി. ആവശ്യമെങ്കിൽ രാഷ്ട്രപതിയെ കാണുമെന്നും കർഷകർ അറിയിച്ചു. കുരുക്ഷേത്രയ്ക്ക് പുറമേ ജൂൺ നാലിന് സോനിപത്തിലും ഖാപ് മഹാ പഞ്ചായത്ത് ചേരും എന്ന് കർഷകർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഗുസ്തി താരങ്ങൾ ആവശ്യങ്ങൾ മാറ്റിമാറ്റി പറയുകയാണെന്ന് ബ്രിജ് ഭൂഷൺ ആരോപിച്ചു.എന്നാൽ ബ്രിജ്ഭൂഷണ് എതിരായ കേസിൽ ഡൽഹി പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നാണ് സൂചന. ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്താൽ ബിജെപിക്ക് ഉത്തർപ്രദേശിൽ കനത്ത തിരിച്ചടി നേരിടും എന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News