പരിശീലന പറക്കലിനിടെ രാജസ്ഥാനിൽ യുദ്ധവിമാനം തകർന്നുവീണു
പൈലറ്റ് സുരക്ഷിതനെന്ന് വ്യോമസേന
Update: 2024-03-12 10:15 GMT
ന്യൂഡൽഹി: പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം രാജസ്ഥാനിലെ ജയ്സാൽമീറിൽ തകർന്നുവീണു. 2001 മുതൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായ തേജസ് വിമാനം ആദ്യമായിട്ടാണ് തകർന്നുവീഴുന്നത്.
പൈലറ്റ് സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ കൈവശം 40 തേജസ് വിമാനങ്ങളാണുള്ളത്. കൂടാതെ പുതിയ 83 വിമാനങ്ങൾക്കായി 36,468 കോടി രൂപയുടെ ഓർഡർ നൽകിയിട്ടുണ്ട്.
പഴക്കം ചെന്ന മിഗ്-21 വിമാനങ്ങൾക്ക് പകരം 2025ഓടെ പുതിയ തേജസ് യുദ്ധവിമാനങ്ങൾ ഉപയോഗിക്കാനാണ് ഇന്ത്യൻ വ്യോമസേനയുടെ പദ്ധതി. ഇന്ത്യൻ നാവിക സേനയും തേജസ് യുദ്ധവിമാനം ഉപയോഗിക്കുന്നുണ്ട്.