എൻജിനീയറിങ് വിദ്യാർഥിനിയെ സീനിയർ ഓടുന്ന കാറിൽ വെച്ച് ബലാത്സംഗം ചെയ്തു; അർധനഗ്നയാക്കി ഡൽഹി ഹൈവേയിൽ തള്ളി
കരച്ചില്‍ മറ്റുള്ളവര്‍ കേള്‍ക്കാതിരിക്കാന്‍ കാറില്‍ ഉച്ചത്തില്‍ പാട്ട് വെച്ചെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്
ആഗ്ര: ലഖ്‌നൗവിൽ അവസാന വർഷ എൻജിനീയറിങ് വിദ്യാർഥിനിയെ ഓടുന്ന കാറിൽ നിന്ന് സീനിയർ വിദ്യാർഥി ബലാത്സംഗം ചെയ്തതായി പരാതി. പീഡനത്തിന് ശേഷം പെൺകുട്ടിയെ അർധനഗ്നയായി ആഗ്ര-ഡൽഹി ഹൈവേയിൽ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു.
ലഖ്‌നൗവിലെ സിക്കന്ദ്ര മേഖലയിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ബസ് കാത്തുനില്‍ക്കുന്ന സമയത്ത് സീനിയർ കാറിൽ വന്ന് തൻ്റെ മുന്നിൽ നിർത്തിയെന്നും അകത്ത് കയറാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വിസമ്മതിച്ചപ്പോള്‍ പ്രതി കാറിലേക്ക് വലിച്ചിഴച്ച് കയറ്റിയെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. കാറിൻ്റെ കർട്ടൻ വലിച്ചു താഴ്ത്തി, കൈകാലുകൾ ബന്ധിച്ച ശേഷം പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. കരച്ചില്‍ മറ്റുള്ളവര്‍ കേള്‍ക്കാതിരിക്കാന്‍ കാറില്‍ ഉച്ചത്തില്‍ പാട്ട് വെച്ചെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. റോഡരികില്‍ തള്ളിയതിന് മണിക്കൂറൂകള്‍ക്ക് ശേഷം താന്‍ നടന്ന് ഒരുവിധം വീട്ടിലെത്തുകയായിരുന്നെന്നും പരാതിയിലുണ്ട്.
പിറ്റേന്ന് പെൺകുട്ടി തന്നെയാണ് താൻ ബലാത്സംഗത്തിന് ഇരയായ കാര്യം പൊലീസിനെ അറിയിച്ചത്. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായി ആഗ്ര പൊലീസ് അറിയിച്ചു. വൈദ്യ പരിശോധനക്ക് ശേഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോളജിൽ പഠിക്കുമ്പോൾ പ്രതി തന്നോട് നിരവധി തവണ പ്രണയാഭ്യർഥന നടത്തിയിരുന്നതായും അത് നിരസിച്ചതിനെ തുടർന്ന് വകുപ്പ് മേധാവിക്ക് തനിക്കെതിരെ തെറ്റായ പരാതി നൽകിയെന്നും പ്രതി പറഞ്ഞു.
പ്രതിക്കെതിരെ ബലാത്സംഗം,തട്ടിക്കൊണ്ടുപോകൽ,ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി സിക്കന്ദ്ര എസ്എച്ച്ഒ നീരജ് ശർമ പറഞ്ഞു.പ്രതിയുടെയും പെൺകുട്ടിയുടെയും മൊബൈൽ ലൊക്കേഷൻ നിരീക്ഷിച്ചു വരികയാണെന്ന് നീരജ് കുമാർ ശർമ പറഞ്ഞു. സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ സംഭവവുമായി ബന്ധപ്പെട്ട മറ്റ് തെളിവുകൾ ശേഖരിച്ചുവരികയാണ്.