അഴുക്കുവെള്ളത്തില്‍ മല്ലിയില കഴുകിയ പച്ചക്കറി കച്ചവടക്കാരനെതിരെ എഫ്.ഐ.ആര്‍
വീഡിയോ വൈറലായതോടെ വിഷയത്തിൽ നടപടിക്ക് ഒരുങ്ങുകയാണ് ജില്ലാഭരണകൂടം
ഫുട്പാത്തിലെ അഴുക്കുവെള്ളത്തില്‍ മല്ലിയില കഴുകിയ പച്ചക്കറി കച്ചവടക്കാരനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഭോപ്പാലിലെ സിന്ധി മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. വീഡിയോ വൈറലായതോടെ വിഷയത്തിൽ നടപടിക്ക് ഒരുങ്ങുകയാണ് ജില്ലാഭരണകൂടം.
അഴുക്കുവെള്ളത്തില്‍ പച്ചക്കറി കഴുകുന്നത് ദോഷകരമാണെന്ന് വീഡിയോ ചിത്രീകരിച്ചയാള്‍ കച്ചവടക്കാരനോട് പറയുന്നുണ്ടെങ്കിലും അയാള്‍ അതു അവഗണിക്കുകയായിരുന്നു. ''ഇതു സിന്ധി മാര്‍ക്കറ്റില്‍ മാത്രം നടക്കുന്ന സംഭവമല്ലെന്നും വിഷയത്തില്‍ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ജില്ലാ മജിസ്ട്രേറ്റ് അവിനാശ് ലാവണ്യ പറഞ്ഞു. ധര്‍മ്മേന്ദ്ര എന്നയാളാണ് ഈ ഹീനപ്രവൃത്തി ചെയ്തതെന്ന് ഹനുമാന്‍ഗഞ്ച് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ മഹേന്ദ്ര സിംഗ് താക്കൂര്‍ പറഞ്ഞു. നവ് ബാഹര്‍ വെജിറ്റബിള്‍ മാര്‍ക്കറ്റിലാണ് ഇയാള്‍ പച്ചക്കറി വില്‍ക്കുന്നത്. വിലാസം കണ്ടെത്തിയെങ്കിലും ധര്‍മ്മേന്ദ്രയെ കണ്ടെത്താനായില്ലെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. അതേസമയം, വീഡിയോ വൈറലായതോടെ ഭോപ്പാൽ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസർ ദേവേന്ദ്ര കുമാർ ദുബെ കച്ചവടക്കാരനെതിരെ പരാതി നൽകിയിട്ടുണ്ട്. സിന്ധി മാര്‍ക്കറ്റില്‍ ഇയാളെ തിരഞ്ഞുപോയെങ്കിലും കണ്ടെത്തനായില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
സിന്ധി കോളനി കവലയിൽ പൈപ്പിലെ ചോർച്ച മൂലം ആറുമാസമായി വെള്ളം തുടർച്ചയായി റോഡിലൂടെ ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇതുമൂലം മണ്ണു ചെളിയും അടിഞ്ഞു കൂടുക പതിവായിരിക്കുകയാണ്. ആറുമാസമായി ഈ വെള്ളമാണ് ഒഴുകുന്നതെന്ന് സമീപത്തെ കടയുടമകൾ പറയുന്നു. നിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവര്‍ പറഞ്ഞു. അതേ സമയം പല പച്ചക്കറി കച്ചവടക്കാരും ഇവിടെ പച്ചക്കറി കഴുകുന്നുണ്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.