പുറത്ത് നിന്ന് പൂട്ടിയ വീട്ടിൽ അഞ്ച് മൃതദേഹങ്ങൾ; ദുരൂഹതയായി യുപിയിലെ കുടുംബത്തിന്റെ കൊല

കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത് കട്ടിലിനടിയിലെ പെട്ടിയിൽ ഒളിപ്പിച്ച നിലയിൽ, ഇവരുടെ കാലുകൾ ബെഡ്ഷീറ്റ് കൊണ്ട് കെട്ടിയിരുന്നു

Update: 2025-01-10 06:17 GMT
Editor : ശരത് പി | By : Web Desk
Advertising

മീററ്റ്: പുറത്ത് നിന്ന് പൂട്ടിയ വീട്ടിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. യുപി മീററ്റിലെ ലിസാഡി ഗേറ്റ് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം. ദമ്പതികളെയും അവരുടെ മൂന്ന് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മെക്കാനിക്കായി ജോലി ചെയ്യുന്ന മൊയിൻ ഭാര്യ അസ്മ, മക്കളായ അഫ്‌സ (8), അസീസ (4), അദീബ എന്നിവരുടെ മൃതദേഹങ്ങളാണ് തലക്ക് അടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.

കുടുംബവുമായി ബന്ധപ്പെടാൻ സാധിക്കാതിരുന്നതിനാൽ മൊയിന്റെ സഹോദരൻ സലീം വീട്ടിലെത്തിയിരുന്നു. തുടർന്ന് ഇയാൾ നടത്തിയ പരിശോധനയിലാണ് വീടിനകത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉടനെ ഇയാൾ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. അടച്ചുപൂട്ടിയ  വീട് തുറക്കാനാകാഞ്ഞതിനാൽ വീടിന്റെ മേൽക്കൂരയിലൂടെയാണ് പൊലീസ് അകത്ത് കയറിയത്.

വീട് പൂട്ടിയ രീതിയിൽ നിന്നും കുടുംബത്തെ പരിചയമുള്ള ആരോ ആണ് ഈ മരണങ്ങൾക്ക് പിന്നിൽ എന്ന് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരുടെ കാലുകൾ ബെഡ്ഷീറ്റ് കൊണ്ട് കെട്ടിയ നിലയിലായിരുന്നു.

ഈയടുത്താണ് കുടുംബം ഈ വീട്ടിലേക്ക് താമസം മാറിയത്. ബുധനാഴ്ച മുതൽ മരിച്ച അസ്മയെ കാണാനില്ലായിരുന്നു. 

മൊയിന്റെയും അസ്മയുടെയും മൃതദേഹങ്ങൾ നിലത്തും കുട്ടികളുടെ മൃതദേഹങ്ങൾ കട്ടിലിനടിയിലെ പെട്ടികളിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News