സർവകലാശാല ഉദ്ഘാടനം ക്രിസ്തീയ ആചാരപ്രകാരം വേണമെന്ന് മേഘാലയ മന്ത്രി; എതിർത്ത് ക്രിസ്ത്യൻ നേതാക്കൾ
മേഘാലയ ക്രിസ്ത്യൻ സംസ്ഥാനമാണെന്ന പ്രസ്താവനക്കെതിരെയും വലിയ പ്രതിഷേധം
ഷില്ലോങ്: മേഘാലയയിൽ പുതുതായി ആരംഭിക്കുന്ന സർവകലാശാലയുടെ ഉദ്ഘാടന ചടങ്ങ് ക്രിസ്തീയ ആചാരപ്രകാരം വേണമെന്ന മന്ത്രിയുടെ നിർദേശത്തെ എതിർത്ത് വിവിധ സംഘടനകൾ. ക്രിസ്ത്യൻ സംഘടനകൾ ഉൾപ്പെടെയാണ് എതിർപ്പുമായി രംഗത്തുവന്നത്. മേഘാലയ ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമാണെങ്കിലും ഇന്ത്യയുടെ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും ഇത്തരം കാര്യങ്ങളിൽ ജാഗ്രത വേണമെന്നും വിവിധ സഭാ നേതാക്കൾ വ്യക്തമാക്കി.
ക്യാപ്റ്റൻ വില്യംസൺ സാങ്മ സ്റ്റേറ്റ് സർവകലാശാലയുടെ ഉദ്ഘാടനം ജനുവരി 13ന് ക്രിസ്ത്യൻ ആചാരപ്രകാരം നടക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി റക്കാം എ. സാങ്മയാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ പ്രഥമ മുഖ്യമന്ത്രിയുടെ പേരിലുള്ള സർവകലാശാല ഗോത്ര പഠനത്തിലും തദ്ദേശീയ ഭാഷാ സംരക്ഷണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
‘നമ്മുടേത് ക്രിസ്ത്യൻ സംസ്ഥാനമാണ്. വമ്പിച്ച പ്രാർഥനാ സമ്മേളനത്തോടെ ആദ്യ സംസ്ഥാന സർവകലാശാല സമർപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പാർലമെൻറിനെ ഹിന്ദു ആചാരങ്ങൾ പ്രകാരം അനുഗ്രഹിക്കാമെങ്കിൽ ക്രിസ്ത്യൻ സംസ്ഥാനത്ത് എന്തുകൊണ്ട് ക്രിസ്ത്യൻ ആചാരങ്ങൾ നടത്തിക്കൂട?’ -റക്കാം എ. സാങ്മ പറഞ്ഞു.
എന്നാൽ, മന്ത്രിയുടെ പ്രസ്താവന മതേതരത്വത്തിെൻറ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് എൻജിഒയായ ‘ത്മയു രങ്ക്ലി-ജുകി’ കുറ്റപ്പെടുത്തി. ‘ഭൂരിഭാഗം ജനങ്ങളും ക്രിസ്ത്യൻ വിശ്വാസം പുലർത്തുന്നവരായിരിക്കാം. പക്ഷെ, അതുകൊണ്ട് ക്രിസ്ത്യൻ സംസ്ഥാനമാകില്ല. വിവിധ മതവിശ്വാസികൾ ഇവിടെ കഴിയുന്നുണ്ട്. മന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്ത് വിവേചനത്തിന് കാരണമാകും. ഉദ്ഘാടനത്തിനോടനുബന്ധിച്ച് ആസൂത്രണം ചെയ്ത പ്രാർഥനാ ചടങ്ങ് റദ്ദാക്കണം’-സംഘടന വ്യക്തമാക്കി.
മേഘാലയയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയാണ് ഭരിക്കുന്നത്. ഇതിലെ സഖ്യകക്ഷിയായ നാഷനൽ പീപ്പിൾസ് പാർട്ടി അംഗമാണ് മന്ത്രി റക്കം എ. സാങ്മ. വിവാദ പ്രസ്താവനയുടെ പേരിൽ ഇദ്ദേഹത്തെ ഉടൻ മന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെടുന്നുണ്ട്.
സർവകലാശാലയുടെ ഉദ്ഘാടന ചടങ്ങിൽ മതചടങ്ങുകൾ പാടില്ലെന്ന് ഷില്ലേങ്ങിലെ ആർച്ച് ബിഷപ് വിക്ടർ ലിങ്ഡോഗും വ്യക്തമാക്കി. സമാധാനപ്രിയരായ ജനങ്ങളാണ് സംസ്ഥാനത്തുള്ളത്. നിർദിഷ്ട പരിപാടി ഒരു രാഷ്ട്രീയ പ്രശ്നമാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
മേഘാലയ മതേതര രാജ്യത്തിെൻറ ഭാഗമാണെന്നും അതിനെ മതപരമായ സംസ്ഥാനമെന്ന് വിളിക്കാൻ സാധ്യമല്ലെന്നും ഡൽഹി അതിരൂപത ഫെഡറേഷൻ ഓഫ് കാത്തലിക് അസോസിയേഷെൻറ പ്രസിഡൻറ് എ.സി മിഖായേൽ പറഞ്ഞു. ‘മേഘാലയയിലെ വിദ്യാഭ്യസ മന്ത്രിക്ക് തെറ്റ് സംഭവിച്ചിരിക്കുന്നു. അദ്ദേഹത്തിെൻറ പാർട്ടി മോദിയുടെ ബിജെപിയുടെ കൂടെയാണ്. ഖേദകരമെന്നു പറയട്ടെ, മോദി പുതിയ പാർലമെൻറിെൻറ ഉദ്ഘാടനം നടത്തിയ രീതി ഭരണഘടനയ്ക്ക് എതിരാണെന്ന് ഭരണഘടനാ വിദഗ്ധർ ആരും മോദിയോട് പറഞ്ഞില്ല’ -മിഖായേൽ കൂട്ടിച്ചേർത്തു.
അതേസമയം, പ്രതിഷേധം കനത്തതോടെ മന്ത്രി സാങ്മ പ്രതികരണവുമായി രംഗത്തുവന്നു. മാധ്യമങ്ങൾ തെൻറ വാക്കുകൾ തെറ്റായി ഉദ്ധരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശലക്കും സംസ്ഥാനത്തിനും വേണ്ടി എല്ലാ മതനേതാക്കളിൽനിന്നും അനുഗ്രഹം തേടും. ഇങ്ങനെ അനുഗ്രഹം തേടുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.