രാജ്യത്തെ ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളിൽ വർധന; പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത് രണ്ടിലധികം കേസുകൾ

കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ ക്രൈസ്തവർ ആക്രമിക്കപ്പെട്ടത് യുപിയിലെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പുറത്തുവിട്ട കണക്കുകൾ പറയുന്നു

Update: 2025-01-10 10:02 GMT
Advertising

ന്യൂഡൽഹി: രാജ്യത്ത് ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ വൻ വർധനയെന്ന് റിപ്പോർട്ട്. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 834 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാണ് കഴിഞ്ഞ വർഷമുണ്ടായത്. 2023 ൽ ഇത് 734 ആയിരുന്നു.

മതവിശ്വാസത്തിന്റെ പേരിൽ ഇന്ത്യയിൽ പ്രതിദിനം രണ്ടിലധികം ക്രൈസ്തവരെങ്കിലും ആക്രമിക്കപ്പെടുന്നതായി യുസിഎഫ് ജനുവരി പത്തിന് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പള്ളികൾ, പ്രാർത്ഥന യോഗങ്ങൾ എന്നിവയ്ക്കുനേരെയുള്ള ആക്രമണം, വിശ്വാസികളെ ഉപദ്രവിക്കൽ, സാമൂഹികമായ വിലക്കുകൾ, വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ക്രിമിനൽ കേസിൽ കുടുക്കുക തുടങ്ങി വിവിധ രീതിയിലാണ് ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ രാജ്യത്ത് അരങ്ങേറുന്നതെന്നും സംഘടന പറയുന്നു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിലവിലുള്ള മതപരിവർത്തന വിരുദ്ധ നിയമങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളെ ഉപദ്രവിക്കാനുള്ള ആയുധമാക്കുന്നുണ്ടെന്നും യുസിഎഫ് ചൂണ്ടിക്കാട്ടുന്നു. 2024ൽ ഏറ്റവും കൂടുതൽ ക്രൈസ്തവർ ആക്രമിക്കപ്പെട്ടത് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലാണ്. 165 ആക്രമണമാണ് യോഗിയുടെ സംസ്ഥാനത്ത് റിപ്പോർട്ട് ​ചെയ്തിരിക്കുന്നത്. അതിക്രമങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും പലതിലും എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യപ്പെടുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരകളാക്കപ്പെടുന്നവർ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടാൻ പോലും ഭയക്കുന്ന സാഹചര്യമാണ് യുപിയിൽ നിലനിൽക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

മിക്കപ്പോഴും, അക്രമത്തിന് ഇരയായവർക്കെതിരെ എഫ്ഐആറുകൾ ഫയൽ ചെയ്യപ്പെടുകയും കുറ്റവാളികളെ വെറുതെ വിടുകയും ചെയ്യുന്നതായി 2023ൽ യുസിഎഫ് ദേശീയ കൺവീനർ എ സി മൈക്കിൾ പറഞ്ഞിരുന്നു. പരാതിനൽകുന്നതിൽ നിന്ന് ഇരകളെ പൊലീസ് പിന്തിരിപ്പിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.മതപരിവർത്തന നിരോധന നിയമം ഉപയോഗിച്ച് ക്രിസ്തീയ വിശ്വാസത്തിലേക്ക് പരിവർത്തനം നടത്താൻ സാധ്യതയുള്ള പാർശ്വവത്കൃത ജാതികൾക്കെതിരെ ഹിന്ദുത്വ സംഘടനകൾ കള്ളക്കേസ് നൽകുന്നതായും 'ദ വയർ' നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഹിന്ദുമതത്തിൽനിന്ന് ക്രിസ്തുമതത്തിലേക്ക് മാറാൻ മറ്റുള്ളവരെ നിർബന്ധിക്കുന്നതായി ആരോപിച്ചാണ് ഹിന്ദുത്വ സംഘടനകൾ കേസ് നൽകുക. പലപ്പോഴും മതപരിവർത്തനം പോലും നടക്കാത്ത സാഹചര്യങ്ങളിലാണ് ഇത്തരം കേസുകൾ നൽകുന്നത്.

400-ലധികം മുതിർന്ന ക്രിസ്ത്യൻ നേതാക്കളും 30 ചർച്ച് ഗ്രൂപ്പുകളും അടങ്ങുന്ന ഒരു സംഘം പ്രസിഡന്റ് ദ്രൗപതി മുർമുവിനോടും പ്രധാനമന്ത്രി മോദിയോടും സമുദായത്തിനെതിരെ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ പരിഹരിക്കാൻ ഡിസംബർ 31ന് അഭ്യർത്ഥിച്ചിരുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്കിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മതനേതാക്കളുടെ നീക്കം. കേരളത്തിൽ ഉൾപ്പെടെ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ഹിന്ദുത്വ സംഘടനകൾ അതിക്രമം നടത്തിയത് വലിയ ചർച്ചയായിരുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News