രാജസ്ഥാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചംഗ കുടുംബം വെന്തുമരിച്ചു
വിശ്വകർമ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജൈസല്യ ഗ്രാമത്തിൽ വ്യാഴാഴ്ച രാവിലെ 7.30 മണിയോടെയാണ് സംഭവം
ജയ്പൂര്‍: ജയ്പൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ വെന്തുമരിച്ചു. വീടിനു മുന്‍വശത്തെ വാതിലിന് സമീപമുള്ള മുറിയില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. വിശ്വകർമ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജൈസല്യ ഗ്രാമത്തിൽ വ്യാഴാഴ്ച രാവിലെ 7.30 മണിയോടെയാണ് സംഭവം.
വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയതായി എസിപി അശോക് ചൗഹാൻ പറഞ്ഞു.രാജേഷ് (26), ഭാര്യ റൂബി (24), ഇഷു (7), ദിൽഖുഷ് (2), ഖുഷ്മണി (4) എന്നിവരാണ് മരിച്ചത്. ബിഹാറിലെ മോത്തിഹാരി ജില്ലയിൽ നിന്നുള്ള കുടുംബം ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.രാജേഷ് രാവിലെ സിലിണ്ടർ മാറ്റിയതാണെന്നും അത് തെറ്റായി ഘടിപ്പിച്ചതാണ് അപകട കാരണമെന്നും അയൽവാസി പറഞ്ഞു. അഗ്‌നിശമന അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. "രാജേഷ് ഇവിടെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്നു. അവധിക്ക് ബിഹാറിലേക്ക് പോയ ഇയാള്‍ ബുധനാഴ്ച വൈകുന്നേരം തിരിച്ചെത്തി," എസിപി പറഞ്ഞു.
അഞ്ചു പേരുടെ മരണം ഹൃദയഭേദകമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ പറഞ്ഞു.''മരിച്ചവരുടെ ആത്മാക്കൾക്ക് ശാന്തി നൽകാനും കുടുംബാംഗങ്ങൾക്ക് വിയോഗം താങ്ങാനുള്ള ശക്തി നൽകാനും സർവശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു'' മുഖ്യമന്ത്രി പറഞ്ഞു.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.