കശ്മീരിൽ ബൈശാഖി ആഘോഷത്തിനിടെ നടപ്പാലം തകർന്നു വീണു; കുട്ടികൾ ഉൾപ്പെടെ 80 പേർക്ക് പരിക്ക്
നിരവധി പേർ നടപ്പാലത്തിലേക്ക് കയറിയതോടെ അമിതഭാരം മൂലം ഇത് തകർന്നുവീഴുകയായിരുന്നു.
ശ്രീനഗർ: ജമ്മു കശ്മീരിൽ ബൈശാഖി ആഘോഷത്തിനിടെ നടപ്പാലം തകർന്നു വീണു. കുട്ടികൾ ഉൾപ്പെടെ 80 പേർക്ക് പരിക്ക്. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം.
ഉദ്ധംപൂരിലെ ചെനാനി ബ്ലോക്കിലെ ബെയിൻ ഗ്രാമത്തിലായിരുന്നു സംഭവം. ഇവിടെ വൈശാഖി ആഘോഷത്തെ തുടർന്ന് വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. തുടർന്ന് നിരവധി പേർ നടപ്പാലത്തിലേക്ക് കയറിയതോടെ അമിതഭാരം മൂലം ഇത് തകർന്നുവീഴുകയായിരുന്നു.
പരിക്കേറ്റവരെ ചെനാനിയിലെ സിറ്റി ഹെൽത്ത് സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 20-25 പേരുടെ നില ഗുരുതരമാണ്. ഇതിൽ ഏഴു പേരെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.
പൊലീസും മറ്റ് രക്ഷാപ്രവർത്തക സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഉദ്ധംപൂർ എസ്.എസ്.പി ഡോ. വിനോദ് പറഞ്ഞു. വ്യാഴാഴ്ച ജമ്മു കശ്മീരിലെ പൂഞ്ചിലെ ഖനേതാർ ഗ്രാമത്തിൽ വീടിന്റെ മേൽക്കൂര തകർന്ന് 43 പേർക്ക് പരിക്കേറ്റിരുന്നു.