ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കൊച്ചുമകന്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍

പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെക്കാണ് വിഭാകര്‍ രാജിക്കത്ത് നൽകിയത്

Update: 2024-02-15 02:55 GMT
Editor : Jaisy Thomas | By : Web Desk

വിഭാകര്‍ ശാസ്ത്രി

Advertising

ലഖ്‌നൗ: മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ചെറുമകൻ വിഭാകർ ശാസ്ത്രി കോൺഗ്രസിൽ നിന്ന് രാജിവച്ചത് പാർട്ടിക്ക് വീണ്ടും തിരിച്ചടിയായി. പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെക്കാണ് അദ്ദേഹം രാജിക്കത്ത് നൽകിയത്. ബുധനാഴ്ച അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നു.

“ബഹുമാനപ്പെട്ട കോൺഗ്രസ് അധ്യക്ഷൻ ഖർഗെജി! ബഹുമാനപ്പെട്ട സർ, ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞാൻ രാജി വയ്ക്കുന്നു,” ശാസ്ത്രി എക്‌സിൽ ഈ സന്ദേശം പോസ്റ്റ് ചെയ്തു. ലഖ്‌നൗവിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഭൂപീന്ദർ സിംഗ്, ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് എന്നിവരുടെ സാന്നിധ്യത്തിലാണ് വിഭാകർ ശാസ്ത്രി ബി.ജെ.പിയിൽ ചേർന്നത് . ലാൽ ബഹാദൂർ ശാസ്ത്രിയുടെ കൊച്ചുമകനും ഹരികൃഷ്ണ ശാസ്ത്രിയുടെ മകനുമായ വിഭാകർ ശാസ്ത്രി ഉത്തർപ്രദേശിലെ ഫത്തേപൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.വിഭാകർ ശാസ്ത്രി ബി.ജെ.പിയിൽ ചേരുന്നത് സാമൂഹിക പ്രവർത്തകർക്കുള്ള സ്വാഗത സന്ദേശമാണെന്ന് പഥക് പിടിഐയോട് പറഞ്ഞു. വിഭാകർ ശാസ്ത്രി മുൻ പ്രധാനമന്ത്രിയുടെ കുടുംബത്തിൽ നിന്നുള്ളയാളായതിനാൽ സ്വാഭാവികമായി പാര്‍ട്ടിക്ക് നേട്ടമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാസ്ത്രിയുടെ മറ്റൊരു സഹോദരൻ സിദ്ധാർത്ഥ് നാഥ് സിംഗ് തീരുമാനത്തെ സ്വാഗതം ചെയ്തു. നിലവിൽ അലഹബാദ് വെസ്റ്റ് സീറ്റിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയാണ് സിംഗ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'സബ്കാ സാത്ത് സബ്കാ വികാസ്' മുദ്രാവാക്യം, കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബി.ജെ.പി സർക്കാരുകളുടെ വഴികാട്ടിയായ മനോഭാവം എല്ലാവരെയും ആകർഷിക്കുന്നുണ്ടെന്ന് വിഭാകർ ശാസ്ത്രി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ നേതാക്കള്‍ തുടര്‍ച്ചയായി പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ ബാബ സിദ്ദിഖും മിലിന്ദ് ദേവ്‍റയും കോണ്‍ഗ്രസ് വിട്ടതിനു പിന്നാലെയാണ് ചവാന്‍റെ രാജി. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News