സവർക്കറെ പ്രശംസിച്ച് മുഖ പ്രസംഗവും ലേഖനങ്ങളും; ഗാന്ധി സ്മൃതി ദർശൻ സമിതി മാസികക്കെതിരെ രൂക്ഷ വിമർശനം

കേന്ദ്ര സാംസ്‌കാരിക വകുപ്പിന് കീഴിൽ ഗാന്ധിജിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ പ്രസിദ്ധീകരിക്കുന്ന മാസികയാണ് അന്തിം ജൻ

Update: 2022-07-17 01:43 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: സവർക്കറെ പ്രകീർത്തിച്ച് ഗാന്ധി സ്മൃതി ദർശൻ സമിതിയുടെ അന്തിം ജൻ മാസിക . കേന്ദ്ര സാംസ്‌കാരിക വകുപ്പിന് കീഴിൽ ഗാന്ധിജിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ പ്രസിദ്ധീകരിക്കുന്ന മാസികയാണ് സവർക്കറെ പ്രശംസിച്ച് മുഖ പ്രസംഗവും ലേഖനങ്ങളും എഴുതിയിരിക്കുന്നത്. ഗാന്ധി സ്മൃതി ദർശൻ സമിതി ജൂൺ ലക്കം പുറത്തിറക്കിയ പതിപ്പാണ് വിഡി സവർക്കർക്കായി പൂർണമായും മാറ്റി വെച്ചത്.

സവർക്കറെ മുഖ ചിത്രമാക്കിയ മാസികയിൽ ദേശ സ്‌നേഹി സവർക്കർ, ഗാന്ധിയും സവർക്കറും, ഗാന്ധിജിയുടെ ദേഷ്യം തുടങ്ങിയ ലേഖനങ്ങളാണ് മാസികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കാൻ കേന്ദ്ര സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗാന്ധി സ്മൃതി ദർശൻ സമിതി ഇത്തരം ഒരു പതിപ്പ് പുറത്തിറക്കിയതിന് പിന്നിൽ സവർക്കറെ വെള്ളപൂശാൻ നടത്തുന്ന ശ്രമമാണ് എന്ന് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ധീരെന്ദ്ര ഝാ പറഞ്ഞു.

ഗാന്ധിയൻ ആശയങ്ങളെ ഭയപ്പെടുന്നവർ ചരിത്രം തിരുത്തി എഴുതാൻ നടത്തുന്ന ശ്രമങ്ങൾ ആണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാന്ധി വധത്തിൽ ഗവേഷണം നടത്തി ധീരെന്ദ്ര ഝാ രചിച്ച പുസ്തകം ഈ വർഷം ജനുവരിയിലാണ് പുറത്തിറങ്ങിയത്. ഗാന്ധി സ്മൃതി ദർശൻ സമിതി നിലപാടിന് എതിരെ സി.പി.എം രാജ്യസഭാ കക്ഷി നേതാവായ എളമരം കരീം എം.പിയും രംഗത്ത് എത്തി. 

സംഭവം വിവാദമായതോടെ ഉള്ളടക്കത്തെ ന്യായീകരിച്ച് പ്രസാധകർ രംഗത്തെത്തിയിട്ടുണ്ട്. സവർക്കറുടെ ജന്മ വാർഷികം മെയ് 28ന് ആയതിനാൽ ആണ് ജൂൺ മാസം പുറത്തിറങ്ങിയ മാസികയുടെ പതിപ്പ് അദ്ദേഹത്തിനായി മാറ്റി വെച്ചത് എന്നാണ് ഗാന്ധി സ്മൃതി ദർശൻ സമിതി വൈസ് ചെയർപേഴ്‌സൺ വിജയ് ഗോയലിന്റെ വിശദീകരണം.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News