മതപരിവർത്തനത്തിൽ പങ്ക് ആരോപിച്ച് പാസ്റ്ററെ അറസ്റ്റ് ചെയ്ത് ഗോവ പൊലീസ്
ഐപിസിക്കൊപ്പം മാജിക് റെമെഡീസ് ആക്ട് വകുപ്പുകളും ചുമത്തിയാണ് പാസ്റ്റർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
പനാജി: മതപരിവർത്തനത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് പാസ്റ്ററെ അറസ്റ്റ് ചെയ്തത് ഗോവ പൊലീസ്. ഫൈവ് പില്ലർ ചർച്ചിലെ പാസ്റ്റർ ഡോംനിക്ക് ഡിസൂസയെയാണ് തിങ്കളാഴ്ച നോർത്ത് ഗോവയിൽ നിന്ന് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
ഐപിസിക്കൊപ്പം മാജിക് റെമഡീസ് ആക്ട് വകുപ്പുകളും ചുമത്തിയാണ് പാസ്റ്റർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഡിസൂസയെ കൂടാതെ ഭാര്യയ്ക്കും നോർത്ത് ഗോവയിലെ സിയോലിമിലുള്ള പള്ളിയിലെ ചില അംഗങ്ങൾക്കുമെതിരെയും കേസെടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജിവ്ബ ദാൽവി പറഞ്ഞു.
ഐപിസി 153 എ (ഇതര മത-സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തുക), 295 (ആരാധനാലയം നശിപ്പിക്കുക), 506 (കുറ്റകരമായ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ ഉൾപ്പെടെയാണ് പാസ്റ്റർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ടിലെ വിവിധ വകുപ്പുകളും പാസ്റ്റർക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് ജിവ്ബ ദാൽവി വിശദമാക്കി. പാസ്റ്റർക്കെതിരെ എട്ട് കേസുകൾ മുമ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.