പണമെറിഞ്ഞ് ഒരു വിവാഹാഘോഷം, ആകാശത്ത് പറന്ന് നൂറിന്‍റെയും 500ന്‍റെയും നോട്ടുകള്‍; വിതറിയത് 20 ലക്ഷം
വരന്‍റെ വീട്ടുകാരാണ് ഇത്തരത്തില്‍ പണം വാരിയെറിഞ്ഞത്
ലഖ്നൗ: ബിസിനസുകാരുടെ മുതല്‍ സിനിമാതാരങ്ങള്‍ വരെയുള്ളവരുടെ പലതരത്തിലുള്ള ആഡംബര വിവാഹങ്ങള്‍ കണ്ട് കണ്ണുതള്ളിയവരാണ് നമ്മള്‍..പണം വാരിയെറിഞ്ഞുള്ള കല്യാണങ്ങള്‍. എന്നാല്‍ ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ് നഗറില്‍ ഈയിടെ നടന്ന ഒരു വിവാഹം അക്ഷരാര്‍ഥത്തില്‍ പണം വാരിയെറിയുക തന്നെയായിരുന്നു. ആകാശത്ത് പറന്നു നടക്കുന്ന നൂറിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകള്‍ താഴെ വീഴുന്നതും നോക്കി ഒരു പുരുഷാരം തന്നെ തിക്കിത്തിരക്കുന്നുണ്ടായിരുന്നു.
വരന്‍റെ വീട്ടുകാരാണ് ഇത്തരത്തില്‍ പണം വാരിയെറിഞ്ഞത്. ജെസിബികളിലും ടെറസിലും നിന്നുകൊണ്ട് വീട്ടുകാര്‍ നോട്ടുകള്‍ എറിയുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഗ്രാമവാസികള്‍ ഈ നോട്ടുകള്‍ കൈക്കലാക്കാനായി തിരക്ക് കൂട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. 20 ലക്ഷത്തോളം രൂപയാണ് 'നോട്ട് മഴ'ക്കായി ഉപയോഗിച്ചത്. അഫ്സല്‍-അര്‍മാന്‍ എന്നിവരുടെ വിവാഹച്ചടങ്ങിനിടെയാണ് ഈ അത്യാഡംബരം നടന്നത്.
കഴിഞ്ഞ വർഷം ഗുജറാത്തിലെ മെഹ്‌സാന നഗരത്തിലെ ഒരു വിവാഹ ഘോഷയാത്രയിൽ ഇത്തരത്തില്‍ പണം വാരിയെറിഞ്ഞത് വൈറലായിരുന്നു. മരുമകന്‍റെ വിവാഹാഘോഷത്തിന്‍റെ ഭാഗമായി ഗ്രാമത്തലവന്‍ തന്‍റെ വീടിന്‍റെ ടെറസില്‍ നിന്നും 500ന്‍റെ നോട്ടുകള്‍ എറിയുകയായിരുന്നു.