മാധ്യമപ്രവർത്തകനെ ഇടിച്ചുതെറിപ്പിച്ച് ബിഎംഡബ്ലിയു; നൂറ് മീറ്റർ അകലെ വീണ് ദാരുണാന്ത്യം
അപകട വാർത്ത അറിഞ്ഞെത്തിയ പൊലീസ് ഏറെ തിരഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്
ചെന്നൈ: അമിതവേഗത്തിലെത്തിയ ബിഎംഡബ്ലിയു കാർ ബൈക്കിലിടിച്ച് മാധ്യമപ്രവർത്തകന് ദാരുണാന്ത്യം. ചൊവ്വാഴ്ച രാത്രി നടന്ന അപകടത്തിൽ പ്രമുഖ തെലുങ്ക് ചാനലിന്റെ വീഡിയോ ജേർണലിസ്റ്റായ പ്രദീപ് കുമാറാണ് മരിച്ചത്. പാർട്ട് ടൈമായി റാപ്പിഡോ ടാക്‌സി സർവീസ് ഓടിക്കുന്നതിനിടെയാണ് അപകടം.
പോണ്ടി ബസാർ സ്വദേശിയായ പ്രദീപ് കുമാർ മധുരവയൽ - തമ്പാരം ആകാശപാതയിലൂടെ ബൈക്ക് ഓടിക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബിഎംഡബ്യയു കാർ ഇയാളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ കാറുടമ കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സംഭവസ്ഥലത്തെത്തിയ പൊലീസിന് അപകടത്തിൽ പെട്ട ബൈക്കും കാറും മാത്രമേ കാണാൻ സാധിച്ചുള്ളു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അപകടത്തിന് നൂറ് മീറ്റർ അകലെ ചോരയിൽ കുളിച്ചുകിടക്കുന്ന പ്രദീപ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
പൊലീസിന്റെ നിഗമനപ്രകാരം ഇടിയുടെ ആഘാതത്തിൽ പ്രദീപ് ബൈക്കിൽ നിന്ന് തെറിച്ച് നൂറ് മീറ്റർ അകലെ ചെന്ന് വീഴുകയായിരുന്നു. ആകാശപാതയ്ക്ക് താഴെയുള്ള മറ്റൊരു പ്രദേശത്താണ് പ്രദീപിൻ്റെ ശരീരം പതിച്ചത്. ഇടിച്ച കാറിന്റെ ഉടമയെക്കുറിച്ച് പ്രാഥമിക വിവരം ലഭിച്ച പൊലീസ് അന്വേഷണത്തിലാണ്.