മോദി പിടിവാശി ഉപേക്ഷിച്ച് മണിപ്പൂര്‍ സന്ദര്‍ശിക്കട്ടെ; കേന്ദ്രസേന ഇറങ്ങിയിട്ട് കാര്യമില്ല, ബിരേന്‍ സിങ് രാജിവയ്ക്കണം: പി.ചിദംബരം

മുഖ്യമന്ത്രിയുടെയും എംഎല്‍എമാരുടെയും ഉള്‍പ്പടെ വസതിക്ക് നേരേയും മേഖലയില്‍ ആക്രമണമുണ്ടായി

Update: 2024-11-20 02:36 GMT
Editor : Jaisy Thomas | By : Web Desk
Advertising

മധുര: പ്രധാനമന്ത്രി നരേന്ദ്രമോദി തൻ്റെ പിടിവാശി ഉപേക്ഷിച്ച് മണിപ്പൂർ സന്ദര്‍ശിക്കണമെന്നും അവിടുത്തെ ജനങ്ങളുടെ ആവലാതികള്‍ കേള്‍ക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം. മണിപ്പൂരില്‍ കേന്ദ്രസേനയെ ഇറക്കുന്നത് പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

മണിപ്പൂരിലെ പ്രശ്നങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രി ബിരേന്‍ സിങ്ങാണെന്ന് അംഗീകരിക്കുകയും അദ്ദേഹം ഉടന്‍ രാജിവയ്ക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. മണിപ്പൂരില്‍ കുക്കി സായുധ വിഭാഗക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് കരുതുന്നവരില്‍ ആറ് പേരുടെ മൃതദേഹം അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. മുഖ്യമന്ത്രിയുടെയും എംഎല്‍എമാരുടെയും ഉള്‍പ്പടെ വസതിക്ക് നേരേയും മേഖലയില്‍ ആക്രമണമുണ്ടായി.

ഇതിന്‍റെ പശ്ചാത്തലത്തില്‍ 5000ല്‍ അധികം കേന്ദ്ര സായുധ പൊലീസ് ഫോഴ്സിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മണിപ്പൂരില്‍ വിന്യസിച്ചിരുന്നു. എന്നാല്‍, കേന്ദ്രനടപടിയെ ചോദ്യം ചെയ്ത ചിദംബരം സേനയെ അവിടേക്ക് അയക്കുന്നത് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും ചൂണ്ടിക്കാട്ടി.''മണിപ്പൂരിലേക്ക് 5000-ല്‍ അധികം കേന്ദ്ര സായുധ പൊലീസ് ഫോഴ്സിനെ കേന്ദ്രം അയച്ചിരിക്കുകയാണ്. ഇത് അവിടുത്തെ പ്രശ്നത്തിന് ഒരിക്കലും പരിഹാരമാകില്ല. കേന്ദ്രനടപടി അവിടുത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയേയുള്ളൂ'' ചിദംബരം കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News