പശുക്കടത്ത്​ കേസ്​: രണ്ടുപേ​രെ വെറുതെവിട്ട്​ ഗുജറാത്ത്​ കോടതി, പൊലീസിനെതിരെ നടപടിക്ക്​ നിർദേശം

‘കേസ്​ കെട്ടിച്ചമച്ചതിന്​ മൂന്ന്​ പൊലീസ്​ ഉദ്യോഗസ്​ഥർക്കെതിരെയും രണ്ട്​ സാക്ഷികൾക്കെതിരെയും ക്രിമിനൽ നടപടി സ്വീകരിക്കണം’

Update: 2024-12-07 08:55 GMT
Advertising

ഗാന്ധിനഗർ: പശുക്കടത്ത്​ കേസിൽ രണ്ടുപേരെ വെറുതെവിട്ട്​ ഗുജറാത്ത്​ കോടതി. പാഞ്ച്​മഹൽ ജില്ലാ കോടതിയുടേതാണ്​ വിധി. കേസ്​ കെട്ടിച്ചമച്ചതിന്​ മൂന്ന്​ പൊലീസ്​ ഉദ്യോഗസ്​ഥർക്കെതിരെയും രണ്ട്​ സാക്ഷികൾക്കെതിരെയും ക്രിമിനൽ നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു. നാസിർ മിയാൻ മാലിക്​, ഇല്യാസ്​ മുഹമ്മദ്​ ദാവൽ എന്നിവരെയാണ്​ വെറുതെവിട്ടത്​. അഞ്ചാം അഡീഷനൽ ജഡ്​ജ്​ പർവേസ്​ അഹമ്മദ്​ മാളവ്യയുടേതാണ്​​ വിധി​.

2020 ജൂലൈയിലാണ്​ കേസ്​ ഫയൽ ചെയ്യുന്നത്​. നാസിർ മിയാനും ഇല്യാസ്​ മുഹമ്മദും കശാപ്പിനായി പശുക്കളെ കടത്തിയെന്നാണ്​ കേസ്​. 2017ലെ ഗുജറാത്ത്​ മൃഗസംരക്ഷണ നിയമം, 1860 മൃഗങ്ങളോടുള്ള ക്രൂരത നിയമം എന്നിവ പ്രകാരമാണ്​ ​കേസെടുത്തത്​. ഇരുവരും ജാമ്യം ലഭിക്കുന്നത്​ വരെ 10 ദിവസത്തോളം പൊലീസ്​ കസ്​റ്റഡിയിലായിരുന്നു.

കുറ്റാരോപണങ്ങൾ പൂർണമായും കെട്ടിച്ചമച്ചതാണെന്ന്​ വിചാരണവേളയിൽ കോടതി കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്​ഥരുടെ ജാഗ്രതക്കുറവിനെയും സ്വയംപ്രഖ്യാപിത പശു സംരക്ഷകൾ ഉ​ൾപ്പെടെയുള്ള സാക്ഷികളുടെ പങ്കാളിത്തത്തെയും കോടതി വിമർ​ശിച്ചു. ഇതിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 248ാം സെക്ഷൻ പ്രകാരം ക്രിമിനൽ പരാതികൾ ഫയൽ ചെയ്യാൻ ജില്ലാ കോടതി രജിസ്​ട്രാർക്ക്​ കോടതി നിർദേശം നൽകി.

അസിസ്​റ്റൻറ്​ ഹെഡ്​ കോൺസ്​റ്റബിൾമാരായ രമേശ്​ ഭായ്​ നരൂത്​ സിങ്​, ശങ്കർ സിങ്​, ​​പൊലീസ്​ സബ്​ ഇൻസ്​പെക്​ടർ എം.എസ്​ മോനിയ എന്നിവർക്കെതിരെയാണ്​ നടപടിക്ക്​ നിർദേശം നൽകിയത്​. കൂടാതെ ഇവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും പാഞ്ച്​മഹൽ എസ്​പിയോട്​ നിർദേശിച്ചു.

കേസിൽ നിരവധി പൊരുത്ത​ക്കേടുകളുണ്ടെന്ന്​ ജഡ്​ജി ചൂണ്ടിക്കാട്ടി. അഞ്ച്​ സാക്ഷികളും പ്രദേശവാസികളല്ല, ഇവരെ 10 കിലോമീറ്റർ അകലെനിന്ന്​ വിളിച്ചുവരുത്തിയതാണ്​. ഇത്​ അവരുടെ വിശ്വാസ്യതയെക്കുറിച്ച്​ ചോദ്യങ്ങൾ ഉയർത്തുന്നു. പശുക്കളെ പാലിനായി കൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന്​ അസിസ്​റ്റൻറ്​ ഹെഡ്​ കോൺസ്​റ്റബിൾ ബരിയ വിശദമായ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്​. ഇത് പശുക്കടത്ത്​​ കശാപ്പിനാണെന്ന വാദത്തെ ദുർബലപ്പെടുത്തുന്നതാണ്​. കുറ്റാരോപിതർക്ക്​ അനാവശ്യ നടപടികളാണ്​ നേരിടേണ്ടി വന്നത്​. അന്വേഷണ പ്രക്രിയ നീതിപൂർവവും സമഗ്രവുമായിരുന്നില്ലെന്നും ജഡ്​ജി ചൂണ്ടിക്കാട്ടി.

പിടികൂടിയ കന്നുകാലികളെ ഉടൻ കുറ്റാരോപിതർക്ക്​ വിട്ടുകൊടുക്കാനും കോടതി നിർദേശിച്ചു. നിലവിൽ ഇവ ഷെൽട്ടർ ഹോമിലാണുള്ളത്​. 30 ദിവസത്തിനുള്ളിൽ ഇവയെ വിട്ടുകൊടുത്തില്ലെങ്കിൽ പശുക്കളുടെ വിലയായ 80,000 രൂപ നഷ്​ടപരിഹാരമായി നൽകുകയും വേണം.  

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News