മുഖ്യമന്ത്രിയേയും സംസ്ഥാന അദ്ധ്യക്ഷനെയും വിമർശിച്ചു: ഹരിയാനയിൽ മന്ത്രി അനിൽ വിജിന് കാരണം കാണിക്കൽ നോട്ടീസ്
മന്ത്രി അനില്‍ വിജിന്റെ പെരുമാറ്റം പാർട്ടിയുടെ നയത്തിനും ആഭ്യന്തര അച്ചടക്കത്തിനും വിരുദ്ധമാണെന്ന് ഹരിയാന ബിജെപി അധ്യക്ഷൻ ബദോലി

ഹരിയാന മന്ത്രി അനിൽ വിജ്

ചണ്ഡിഗഢ്: ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നിയേയും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മോഹൻ ലാൽ ബദോലിയെയും വിമര്‍ശിച്ചതിന് ഹരിയാന മന്ത്രി അനിൽ വിജിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ബിജെപി സംസ്ഥാന നേതൃത്വം.
ഗതാഗത ഊർജ മന്ത്രിയായ അനില്‍ വിജിന്റെ പെരുമാറ്റം പാർട്ടിയുടെ നയത്തിനും ആഭ്യന്തര അച്ചടക്കത്തിനും വിരുദ്ധമാണെന്ന് ഹരിയാന ബിജെപി അധ്യക്ഷൻ ബദോലി അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു. മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. ബിജെപി ദേശീയ അധ്യക്ഷൻ്റെ നിർദേശപ്രകാരമാണ് വിജിന് നോട്ടീസ് നൽകുന്നതെന്ന് ബദോലി പറഞ്ഞു.
ഡല്‍ഹി തെരഞ്ഞെടുപ്പു കാലത്ത് മന്ത്രിപദവിയിലിരിക്കെ, പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുമെന്ന് അറിഞ്ഞുകൊണ്ടാണ് താങ്കൾ ഇത്തരം പ്രസ്താവനകൾ നടത്തിയതെന്നും ഇത് തികച്ചും അസ്വീകാര്യമാണെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.
അംബാല കൻ്റോൺമെന്റ് മണ്ഡലത്തില്‍ നിന്ന് ഏഴ് തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട 71 കാരനായ വിജ്, അവസരം കിട്ടുമ്പോഴെല്ലാം സൈനിയെ വിമര്‍ശിക്കുന്നുണ്ട്. നേരത്തെ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമാക്കിയും വിജ്, ചില നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അതെല്ലാം നയാബ് സിങ് സെയ്‌നി ഇല്ലാതാക്കി. അനിൽ വിജുമായി ഒരു പ്രശ്നവുമില്ലെന്ന നിലാപാടാണ് നയാബ് സിങ് സെയ്‌നി സ്വീകരിച്ചുപോന്നിരുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സൈനിയുടെ സഹായി എതിര്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കി തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് അനില്‍ വിജ്, ആരോപിച്ചിരുന്നു. ഇതാണ് കാരണം കാണിക്കല്‍ നോട്ടീസിലേക്ക് നയിച്ചത്. അതേസമയം മനോഹര്‍ ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്തും അനില്‍ വിജ് കലാപക്കൊടിയുയര്‍ത്തിയിരുന്നു.