കോവിഡ് വ്യാപനം രൂക്ഷം; ഹരിയാനയിലെ അഞ്ച് ജില്ലകളിൽ തിയേറ്ററുകളും സ്‌പോർട്‌സ് കോംപ്ലക്‌സുകളും അടച്ചു
ഗുരുഗ്രാം, ഫരീദാബാദ്, അംബാല, പഞ്ചഗുള, സോണിപഥ് എന്നീ ജില്ലകളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിനെ തുടർന്ന് ഹരിയാന സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിൽ ജനുവരി രണ്ടുമുതൽ 12 വരെയാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഗുരുഗ്രാം, ഫരീദാബാദ്, അംബാല, പഞ്ചഗുള, സോണിപഥ് എന്നീ ജില്ലകളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ഈ ജില്ലകളിൽ തിയേറ്ററുകളും സ്‌പോർട്‌സ് കോംപ്ലക്‌സുകളും അടച്ചിടും. മാളുകളും മാർക്കറ്റുകളും വൈകീട്ട് അഞ്ചുമണി വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ബാറുകളിലും റെസ്റ്റോറന്റുകളിലും സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമാണ് അനുവദിക്കുക.
അവശ്യസർവീസുകൾ ഒഴികെ ഗവൺമെന്റ്, പ്രൈവറ്റ് ഓഫീസുകൾ 50 ശതമാനം ജീവനക്കാരെ വെച്ചാണ് പ്രവർത്തിക്കേണ്ടത്. ഹരിയാന സർക്കാർ ഒരാഴ്ച മുമ്പ് തന്നെ രാത്രി 11 മുതൽ പുലർച്ചെ അഞ്ചുവരെ നൈറ്റ് കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.
വെള്ളിയാഴ്ച 26 ഒമിക്രോൺ കേസുകളാണ് ഹരിയാനയിൽ സ്ഥിരീകരിച്ചത്. ഇതുവരെ 63 പേർക്കാണ് സംസ്ഥാനത്ത് ഒമിക്രോൺ ബാധിച്ചത്. ഇതിൽ 23 പേർ മാത്രമാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളതെന്നും മറ്റുള്ളവരെ ഡിസ്ചാർജ് ചെയ്‌തെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഹെൽത്ത് ബുള്ളറ്റിൻ പറയുന്നു.
Breaking News: हरियाणा सरकार ने कोविड 19 की रोकथाम के मद्देनज़र पॉंच जिलों में सिनेमा हॉल, थियेटर, स्कूल, कॉलेज, जिम इत्यादि को बंद करने के आदेश दिए, कार्यालय 50% हाज़िरी के साथ काम करेंगे, 12 जनवरी तक बढ़ाई गई महामारी अलर्ट सुरक्षित हरियाणा की अवधि pic.twitter.com/cryTfOfeYM
— DPR Haryana (@DiprHaryana) January 1, 2022