ജെഎൻയുവിൽ കരിങ്കൊടിയുമായി നേരിട്ട് വിദ്യാർഥികൾ; നടപടി സ്വീകരിക്കരുതെന്ന് നിര്‍ദേശിച്ച് വിസിക്ക് മൻമോഹൻ സിങ്ങിന്റെ കോൾ

''നിങ്ങൾ പറയുന്നതിനോട് എനിക്ക് വിയോജിപ്പുണ്ടായിരിക്കാം. എന്നാൽ, അതു പറയാനുള്ള നിങ്ങളുടെ അവകാശത്തിനു വേണ്ടി മരണം വരെ ഞാൻ പോരാടും!''-വോൾട്ടയറുടെ വാക്കുകള്‍ കടമെടുത്ത് മന്‍മോഹന്‍ സിങ് പറഞ്ഞു

Update: 2024-12-28 05:27 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാല(ജെഎൻയു) എന്നും രാഷ്ട്രീയ പ്രബുദ്ധതയ്ക്കും വിദ്യാർഥി പ്രക്ഷോഭങ്ങൾക്കും പേരുകേട്ട കലാലയമാണ്. രാജ്യത്തെ കത്തുന്ന വിഷയങ്ങളിലെല്ലാം കാംപസും തിളച്ചുമറിയാറുണ്ട്. അത്തരത്തിലൊരു വിദ്യാർഥി രോഷം നേരിട്ടനുഭവിക്കാൻ അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനും 'വിധി'യുണ്ടായി. 2005ലായിരുന്നു അത്.

പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പ്രതിമ അനാച്ഛാദനത്തിനായി കാംപസിലെത്തിയതായിരുന്നു സിങ്. സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ പ്രതിഷേധിച്ച് ഐസ ഉൾപ്പെടെയുള്ള ഇടതുപക്ഷ സംഘടനകൾ പ്രതിഷേധിക്കാൻ തീരുമാനിച്ചു. കാംപസിലെങ്ങും കരിങ്കൊടികൾ കെട്ടി.

കനത്ത സുരക്ഷയിലായിരുന്നു മൻമോഹൻ സിങ് ജെഎൻയുവിലെത്തിയത്. കാംപസിലുടനീളം, പരിപാടി നടക്കുന്ന വേദിയിൽ പ്രത്യേകിച്ചും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, എല്ലാ സുരക്ഷാ സംവിധാനങ്ങളെയും മറികടന്ന് ഏതാനും വിദ്യാർഥികൾ വേദിയിലെത്തി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി വീശുകയും ചെയ്തു. എന്നാൽ, പ്രതിഷേധങ്ങളിൽ സിങ് കുലുങ്ങിയില്ല. ക്ഷോഭിക്കുകയോ ശബ്ദം കടുപ്പിക്കുകയോ ചെയ്തതുമില്ല. പകരം, അവിടെ കൂടിനിന്നവരെയെല്ലാം ആശ്ചര്യപ്പെടുത്തി അദ്ദേഹം, വിഖ്യാത ഫ്രഞ്ച് തത്വശാസ്ത്രജ്ഞൻ വോൾട്ടയറെ കടമെടുത്ത് ഇങ്ങനെ പറഞ്ഞു: ''നിങ്ങൾ പറയുന്നതിനോട് എനിക്ക് വിയോജിപ്പുണ്ടായിരിക്കാം. എന്നാൽ, അതു പറയാനുള്ള നിങ്ങളുടെ അവകാശത്തിനു വേണ്ടി മരണം വരെ ഞാൻ പോരാടും!''

ഏതു ലിബറൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആണിക്കല്ലായിരിക്കണം ഈ തത്വമെന്നും മൻമോഹൻ സിങ് ഉപദേശിച്ചു. എന്നാൽ, പ്രതിഷേധിച്ച വിദ്യാർഥികളെ ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തുകൊണ്ടുപോയി. വിദ്യാർഥികൾക്ക് സർവകലാശാലാ അധികൃതരുടെ നോട്ടിസും പിന്നാലെ വന്നു. കാരണം കാണിക്കൽ നോട്ടിസ് നൽകി. ചിലരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തും കൊണ്ടുപോയി.

എന്നാൽ, തൊട്ടടുത്ത ദിവസം മൻമോഹൻ സിങ് ജെഎൻയു വൈസ് ചാൻസലർ ബി.ബി ഭട്ടാചാര്യയെ ഫോണിൽ വിളിച്ചു; വിദ്യാർഥികൾക്കു മാപ്പുനൽകണമെന്നും നടപടി സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ടു. ഇതോടെ നടപടി പിൻവലിക്കുകയും വിദ്യാർഥികളെ ശാസിച്ചു വിടുകയുമായിരുന്നു അധികൃതർ ചെയ്തത്. ജനാധിപത്യ സമൂഹത്തിൽ വിയോജിപ്പും ഭിന്നാഭിപ്രായങ്ങളും എത്രത്തോളം പ്രധാനമാണെന്ന തിരിച്ചറിവ് പകരുകയായിരുന്നു സിങ് അന്നത്തെ ഇടപെടലിലൂടെയെന്ന് പിൽക്കാലത്ത് ഭട്ടാചാര്യ അനുസ്മരിക്കുന്നുണ്ട്.

2020ലെ ഡൽഹി കലാപത്തിൽ ഗൂഢാലോചനാകുറ്റം ചുമത്തി ജയിലിൽ കഴിയുന്ന ജെഎൻയു മുൻ ഗവേഷകൻ ഉമർ ഖാലിദ് 2005ലെ വിദ്യാർഥി പ്രതിഷേധവും മൻമോഹൻ സിങ്ങിന്റെ പ്രതികരണവും ഓർത്തെടുത്തിരുന്നു. ജെഎൻയു പൂർവ വിദ്യാർഥി കൂടിയായ ബോളിവുഡ് താരം സ്വര ഭാസ്‌കറും അന്നത്തെ സംഭവവികാസങ്ങളെ കഴിഞ്ഞ ദിവസം അനുസ്മരിച്ചു. മൻമോഹൻ സിങ് എന്തുകൊണ്ട് രാജ്യത്തിന്റെ മഹാനായ പ്രധാനമന്ത്രിയാകുന്നുവെന്നതിന്റെ സാക്ഷ്യമായിരുന്നു അതെന്ന് നടി പറഞ്ഞു. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽനിന്നും നേതൃത്വത്തിൽനിന്നും രാഷ്ട്രീയ അന്തരീക്ഷത്തിൽനിന്നും ഏറെ വ്യത്യസ്തമായിരുന്നു അതെന്നും സ്വര കൂട്ടിച്ചേർക്കുന്നുണ്ട്.

Summary: When Manmohan Singh requested JNU VC to be lenient with protesting students

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News