'തെളിവില്ല'; 1995ലെ കലാപക്കേസിൽ എസ്‍പി എംഎൽഎ കുറ്റവിമുക്തന്‍
നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടായിരുന്നതുകൊണ്ട് കേസിൽ അനുകൂലമായ വിധി വരുമെന്നു പ്രതീക്ഷയുണ്ടായിരുന്നുവെന്ന് കോടതി വിധിക്കു പിന്നാലെ റഫീഖ് അൻസാരി പ്രതികരിച്ചു
ലഖ്‌നൗ: 1995ലെ കലാപക്കേസിൽ സമാജ്‌വാദി പാർട്ടി(എസ്‍പി) എംഎൽഎയെ കുറ്റവിമുക്തനാക്കി കോടതി. മീറത്ത് എംഎൽഎ റഫീഖ് അൻസാരിയെയാണ് എംപി-എംഎൽഎ കോടതി വെറുതെവിട്ടത്. ഇദ്ദേഹം കുറ്റം ചെയ്തതിനു തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണു നടപടി.
1995 സെപ്റ്റംബർ 12ന് യുപിയിലെ നൗച്ചാണ്ടി പൊലീസാണ് കലാപം, തീയിടൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി 35 പേർക്കെതിരെ കേസെടുത്തത്. ഐപിസി 147(കലാപം സൃഷ്ടിക്കൽ), 436(തീ കൊേണ്ടാ സ്‌ഫോടകവസ്തുക്കൾ കൊണ്ടോ ഉള്ള അതിക്രമങ്ങൾ), 427(നാശനഷ്ടങ്ങളുണ്ടാക്കുന്ന തരത്തിലുള്ള അതിക്രമം) തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. തുടക്കത്തിൽ റഫീഖ് അൻസാരിക്കെതിരെ കേസുണ്ടായിരുന്നില്ല. കേസ് ചുമത്തപ്പെട്ടവർ ഉൾപ്പെടെ 23 പേർക്കെതിരെ 1997ൽ കുറ്റപത്രം സമർപ്പിച്ചപ്പോഴാണ് എസ്പി നേതാവിന്റെ പേരും ഇതിൽ ഉൾപ്പെട്ടത്.
കേസിൽ കോടതിയിൽ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടർന്ന് 1997നും 2015നും ഇടയിൽ ജാമ്യം ലഭിക്കുന്ന 100ഓളം വാറന്റുകൾ എസ്‍പി നേതാവിന് അയച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ 29ന് റഫീഖ് അൻസാരിയെ അറസ്റ്റ് ചെയ്യാൻ യുപി ഡിജിപിയോട് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. പിന്നാലെ കഴിഞ്ഞ മേയ് 27ന് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. 50 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം അദ്ദേഹം ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.
നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടായിരുന്നതുകൊണ്ട് കേസിൽ അനുകൂലമായ വിധി വരുമെന്നു പ്രതീക്ഷയുണ്ടായിരുന്നുവെന്ന് കോടതി വിധിക്കു പിന്നാലെ റഫീഖ് അൻസാരി പ്രതികരിച്ചു. വ്യാജ കേസാണിത്. ഒടുവിൽ നീതി ലഭിച്ചിരിക്കുകയാണ്. കേസിൽ ബാക്കിയുള്ള 22 പേരെയും വെറുതെവിട്ടതാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.
കേസിലെ സാക്ഷികളെല്ലാം മരിച്ചുപോകുകയോ പക്ഷം മാറുകയോ ചെയ്തതുകൊണ്ടാണ് ഇത്തരമൊരു വിധി വന്നതെന്നാണ് ഒരു സർക്കാർ അഭിഭാഷകൻ പ്രതികരിച്ചത്. കേസിലെ വാദിയും മരിച്ചു. ഇതോടെയാണ് തെളിവുകൾ ഇല്ലാതായതെന്നും അദ്ദേഹം പറഞ്ഞു.
2022ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി കമാൽദത്ത് ശർമയെ തോൽപിച്ചായിരുന്നു സിറ്റിങ് എംഎല്‍എയായിരുന്ന റഫീഖ് അൻസാരി സീറ്റ് നിലനിർത്തിയത്. 26,065 വോട്ടിനായിരുന്നു അദ്ദേഹത്തിന്റെ വിജയം.
Summary: SP MLA Rafiq Ansari acquitted in 1995 riot case