ഹാഥ്‌റസ് ദുരന്തം: സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം ചുറ്റും ചിതറിക്കിടക്കുന്നു; ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഹൃദയാഘാതം മൂലം മരിച്ചു
രവി യാദവ് കുഴഞ്ഞുവീഴുകയായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥ്‌റസ് ദുരന്തഭൂമിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഹൃദയാഘാതം മൂലം മരിച്ചു. ചൊവ്വാഴ്ചയാണ് ഹാഥ്‌റസ് ജില്ലയിലെ രതിഭാൻപൂർ ഗ്രാമത്തിൽ ആൾദൈവം ഭോലെ ബാബ നടത്തിയ പ്രാർഥനായോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 122 പേർ മരിച്ചത്. അപകടത്തെത്തുടർന്ന് സംഭവസ്ഥലത്ത് ഡ്യൂട്ടിക്ക് നിയോഗിച്ച ക്വിക്ക് റെസ്പോൺസ് ടീമിലെ കോൺസ്റ്റബിൾ രവി യാദവ് (30) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
'ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും അവ ആശുപത്രികളിലേക്ക് മാറ്റുന്നതിന്റെയും ഉത്തരവാദിത്തം ഏൽപ്പിച്ച സംഘത്തിലായിരുന്നു രവി യാദവിന് ഡ്യൂട്ടി. സ്ത്രീകളും കുട്ടികളുമടക്കം മരിച്ചു കിടക്കുന്നത് കണ്ട് അദ്ദേഹം ഞെട്ടിപ്പോയി. ജോലിക്കിടെ പെട്ടന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.എന്നാൽ അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു'.. രവി യാദവിനൊപ്പം ഡ്യൂട്ടിയിലായിരുന്ന ലളിത് ചൗധരി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ദുരന്തത്തിൽ പരിപാടിയുടെ മുഖ്യ സംഘാടകനായ ദേവപ്രകാശ് മധുക്കറിനെതിരെഎഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഒളിവിൽ പോയ ഭോലെ ബാബക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.കേസ് സുപ്രിംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിശാൽ തീവാരി സുപ്രിംകോടതിയെ സമീപിച്ചു.
പരിപാടി അവസാനിച്ചപ്പോൾ ആൾദൈവം മടങ്ങുകയും അദ്ദേഹത്തിന്റെ കാൽ തൊട്ടുവന്ദിക്കാനായി ഭക്തർ വാഹനത്തിന് പിന്നാലെ ഓടിയതാണ് അപകടത്തിന്റെ ആഴം കൂട്ടിയതെന്ന് പൊലീസ് പറയുന്നു. ബാബയുടെ ബോഡി ഗാർഡുകൾ ആൾക്കൂട്ടത്തെ തള്ളിമാറ്റിയതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.
ആളുകൾ ഒന്നിനു മുകളിൽ ഒന്നായി വീഴുകയും ശ്വാസം കിട്ടാതെ പിടഞ്ഞുമരിക്കുകയുമായിരുന്നു. ഇതിനിടയിൽ ആൾദൈവം നടന്ന വഴിയിലെ മണ്ണ് ശേഖരിക്കാൻ ആളുകൾ ശ്രമിക്കുന്നുണ്ടായിരുന്നു. ഇവരുടെ മുകളിലേക്കാണ് ആളുകൾ മറിഞ്ഞുവീണതെന്നും റിപ്പോർട്ടുകളുണ്ട്. ദുരന്തത്തിന് ശേഷം ഒളിവിൽ പോയ ഭോലെ ബാബക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.