ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം ശക്തി പ്രാപിക്കുന്നു: ചൂട് ഇനിയും വര്‍ധിക്കും
ചില സംസ്ഥാനങ്ങളിൽ നേരിയ മഴ ലഭിക്കുമെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട് കുറയാൻ ഇനിയും ദിവസങ്ങൾ ഏറെ എടുക്കും
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം ശക്തി പ്രാപിക്കുന്നു. അടുത്ത രണ്ട് ദിവസങ്ങളിൽ ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ചൂട് വർദ്ധിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ. ചില സംസ്ഥാനങ്ങളിൽ നേരിയ മഴ ലഭിക്കുമെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട് കുറയാൻ ഇനിയും ദിവസങ്ങൾ ഏറെ എടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
തെക്കൻ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ സമീപത്ത് രൂപം കൊള്ളുന്ന ന്യൂനമർദത്തിലാണ് തെക്കൻ സംസ്ഥാനങ്ങളിൽ മഴയ്ക്ക് പ്രതീക്ഷ ഉള്ളത്. അറബിക്കടലിലെ ന്യൂനമർദത്തിൻ്റെ അഭാവം കാരണം മാർച്ച് മാസം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വേനൽ മഴ ലഭിച്ചിരുന്നില്ല. ഇതാണ് ഏപ്രിൽ മാസത്തിൽ ഡൽഹിയിൽ ഉണ്ടായ മൂന്ന് ഉഷ്ണ തരംഗത്തിനും പ്രധാന കാരണം.
രാജസ്ഥാനിലെ കാലാവസ്ഥ വ്യതിയാനവും ഡൽഹിയിൽ ഉഷ്ണ തരംഗത്തിന് കാരണമായിട്ടുണ്ട്. ഇന്നലെ അന്തരീക്ഷ താപനിലയിൽ നേരിയ കുറവ് ഉണ്ടായെങ്കിലും ഇന്ന് ചൂട് കൂടിയേക്കും എന്നാണ് ഐ.എം.ഡി പ്രവചനം. നാളെ കൂടി കനത്ത ചൂട് ഡൽഹിയിൽ അനുഭവപ്പെട്ടേക്കാം. എന്നാൽ മെയ് 2 ന് ശേഷം ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിചിട്ടുണ്ട്.
രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ ആണ് മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെടുന്നത്. ഹരിയാന പഞ്ചാബ് സംസ്ഥാനങ്ങളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ കൂടി പൊടിക്കാറ്റിന് സാധ്യത ഉണ്ട്. അതി തീവ്ര അവസ്ഥയിൽ ഉള്ള ഉഷ്ണ തരംഗ സാധ്യത ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ 72 വർഷത്തെ ഉയർന്ന അന്തരീക്ഷ താപനില ആണ് ഏപ്രിൽ മാസം ഇത് വരെ ഡൽഹിയിൽ രേഖപ്പെടുത്തിയത്. ഇന്നും രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ താപനിലയിൽ ഒന്നര ഡിഗ്രീ സെൽഷ്യസിൻ്റെ വർധനയാണ് പ്രതീക്ഷിക്കപ്പെടുന്നത്.