ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത ഹരജി ഹൈക്കോടതി വൈകിപ്പിച്ചു; ഹേമന്ത് സോറൻ സുപ്രിംകോടതിയില്‍
ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് സോറന്‍റെ കേസ് ഉടൻ കേൾക്കണമെന്ന് അഭ്യർത്ഥിച്ചത്.
ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത ഹരജി ഹൈക്കോടതി വൈകിപ്പിച്ചെന്ന് എന്നാരോപിച്ച് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സുപ്രിംകോടതിയെ സമീപിച്ചു. ബുധനാഴ്ച തന്റെ ഹരജി അടിയന്തരമായി കേൾക്കണമെന്ന് സോറൻ സുപ്രിംകോടതിയോട് അഭ്യർത്ഥിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വഴിയാണ് സോറൻ വിഷയം അവതരിപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് സോറന്‍റെ കേസ് ഉടൻ കേൾക്കണമെന്ന് അഭ്യർത്ഥിച്ചത്.
ആർട്ടിക്കിൾ 32 (മൗലികാവകാശം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിട്ട് ഹർജി) പ്രകാരം ആദ്യം സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഹൈക്കോടതിയിൽ സമാന വിഷയം ധരിപ്പിച്ചെങ്കെലും നടപടിയുണ്ടായിട്ടില്ല. ഇനിയും കാലതാമസം ഉണ്ടായാൽ തെരഞ്ഞെടുപ്പ് അവസാനിക്കുമെന്നും സിബൽ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് മിനിറ്റുകൾക്ക് ശേഷം ജനുവരി 31 നാണ് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. ജാർഖണ്ഡിലെ ലോക്സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മേയ് 13, മേയ് 20, മേയ് 25, ജൂൺ 1 തീയതികളിൽ നടക്കും.
Write to Jaisy Thomas