ഹിജാബ് നിരോധനം: കർണാടകയിൽ 22063 വിദ്യാർഥികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാനായില്ല
ഹിജാബ് ധരിക്കാൻ അനുവദിച്ച ഏഴ് അധ്യാപകരെ സർക്കാർ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്
കർണാടകയിൽ ഹിജാബ് നിരോധനത്തെ തുടർന്ന് 22063 വിദ്യാർഥികൾക്ക് പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതാനായില്ല. കലബുറഗി ജില്ലയിലാണ് കൂടുതൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാതിരുന്നത്. പരീക്ഷാ ഹാളിൽ വിദ്യാർഥിനികളെ ഹിജാബ് ധരിക്കാൻ അനുവദിച്ച ഏഴ് അധ്യാപകരെ സർക്കാർ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. മാർച്ച് 28 നാണ് സംസ്ഥാനത്ത് പത്താംതരം പരീക്ഷ ആരംഭിച്ചത്. ഏപ്രിൽ 11 വരെ പരീക്ഷ നീണ്ടുനിൽക്കും. 869399 വിദ്യാർഥികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്വകാര്യമായി പഠിക്കുന്നവർക്കാണ് പരീക്ഷ മുടങ്ങിയതെന്നും സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്നവർ അവസരം കിട്ടിയിട്ടുണ്ടെന്നുമാണ് അധികൃതർ പറയുന്നത്. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിച്ച വിദ്യാലയങ്ങളിൽ നിന്നുള്ള വീഡിയോ ചിലർ പ്രചരിപ്പിച്ചതോടെയാണ് അധ്യാപകർക്കെതിരെ നടപടിയുണ്ടായത്.
ഹിജാബ് വിലക്ക്: അടിയന്തരമായി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ
ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ മതാചാരമല്ലെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. പരീക്ഷകൾ നടക്കുന്നതിനാൽ വിഷയം വേഗത്തില്‍ പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകനായ ദേവ്ദത്ത് കാമത്താണ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാൽ, പരീക്ഷ ഇതിൽ ഒരു വിഷയമേ ആകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.വിഷയം തുടർച്ചയായി ഉന്നയിക്കപ്പെടുകയാണെന്ന് സോളിസിറ്റർ ജനറൽ ആരോപിച്ചു. ഇതോട് 'മിസ്റ്റർ സോളിസിറ്റർ ജനറൽ, കാത്തിരിക്കൂ. വിഷയത്തെ സെൻസീറ്റീവാക്കരുത്' എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. 'ഈ പെൺകുട്ടികൾ... അവരുടെ പരീക്ഷ 28 മുതലാണ്. അവരെ സ്‌കൂളുകളിൽ പ്രവേശിക്കുന്നത് തടഞ്ഞിരിക്കുകയാണ്. ഒരു വർഷം പോകും' - എന്നാണ് കാമത്ത് പറഞ്ഞത്.
നേരത്തെ, ഹോളി അവധിക്കു ശേഷം മാർച്ച് 16ന് കേസ് പരിഗണിക്കുമെന്ന് പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു. പരീക്ഷകൾ വരുന്ന സാഹചര്യത്തിൽ കേസ് അടിയന്തരമായി പരിഗണിക്കണം എന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. വിധിക്കെതിരെ ഉഡുപ്പി കുന്ദാപുരയിലെ പിയു കോളജ് വിദ്യാർത്ഥി ആഷിഫ ഷിഫത് ആണ് കോടതിയെ സമീപിച്ചിട്ടുള്ളത്.ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് മാർച്ച് 15നാണ് കർണാടക ഹൈക്കോടതി ഫുൾബഞ്ച് വിധിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവർ അംഗങ്ങളുമായ ബഞ്ചിന്റേതായിരുന്നു വിധി. ക്ലാസിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രീ യൂണിവേഴ്സിറ്റി (പിയു) കോളജുകളിലെ മുസ്ലിം വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജികൾ തള്ളിയായിരുന്നു കോടതി വിധി.
ഹൈക്കോടതി പരിഗണിച്ചത്
1 ഹിജാബ് ഭരണഘടനയിലെ 25-ാം വകുപ്പിന് (മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം) കീഴിൽ വരുന്ന അനിവാര്യ മതാചാരമാണോ?
2-സ്‌കൂൾ യൂണിഫോം നിർദേശം അവകാശ ലംഘനമാണോ?
3- ഫെബ്രുവരി അഞ്ചിലെ സർക്കാർ ഉത്തരവ് ഭരണഘടനയുടെ വകുപ്പ് 14, 15 (സമത്വത്തിനുള്ള അവകാശം) ലംഘിക്കുന്നുണ്ടോ?
4- അച്ചടക്ക അന്വേഷണം പ്രഖ്യാപിച്ചതിന് കോളജ് അധികൃതർക്കെതിരെ ഏതെങ്കിലും തരത്തിലുള്ള കേസ് എടുത്തിട്ടുണ്ടോ?
വിധിയിങ്ങനെ
മുസ്ലിം വനിതകൾ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിന് കീഴിലെ അനിവാര്യ മതാചാരത്തിൽപ്പെടില്ല എന്നതാണ് ചോദ്യങ്ങളോടുള്ള ഞങ്ങളുടെ ഉത്തരങ്ങൾ' - എന്നാണ് വിധിയുടെ പ്രസക്ത ഭാഗം വായിച്ച ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി പറഞ്ഞത്. 'സ്‌കൂൾ യൂണിഫോം യുക്തിസഹമായ നിയന്ത്രണം മാത്രമാണ്. ഭരണഘടനാപരമായി അനുവദനീയമാണ്. അതിനെ വിദ്യാർത്ഥികൾ എതിർക്കേണ്ടതില്ല എന്നതാണ് ഞങ്ങളുടെ രണ്ടാമത്തെ ഉത്തരം. പ്രസ്തുത കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ സർക്കാറിന് ഉത്തരവിറക്കാൻ അധികാരമുണ്ട്. അടച്ചക്ക നടപടി ഇഷ്യൂ ചെയ്ത ആർക്കെതിരെയും കേസെടുക്കാൻ പാടില്ല. മെറിറ്റില്ലാത്ത എല്ലാ റിട്ട് ഹർജികളും തള്ളുന്നു'
Hijab ban: 22,000 students fail to appear for Class X exams in Karnataka